റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 205 റൺസിന്‍റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റൺസെടുത്തു. നായകൻ വിരാട് കോലിയുടെയും ഡിവില്ലിയേഴ്സിന്‍റെയും അർധ സെഞ്ച്വറികളാണ് ബാംഗ്ലൂർ കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ പാർഥിവ് പട്ടേലും വിരാട് കോലിയും നല്‍കിയത്. ആദ്യ ആറ് ഓവറില്‍ ബാംഗ്ലൂർ നേടിയത് 53 റൺസാണ്. സ്കോർ 64ല്‍ എത്തിയപ്പോൾ പാർഥിവ് പട്ടേലിന്‍റെ (25) വിക്കറ്റ് ബാംഗ്ലൂരിന് നഷ്ടമായി. മൂന്നാമനായി ഡിവില്ലിയേഴ്സ് എത്തിയതോടെ ബാംഗ്ലൂർ സ്കോർ ബോർഡ് റോക്കറ്റ് വേഗത്തില്‍ കുതിക്കുകയായിരുന്നു. കോലിയും ഡിവില്ലിയേഴ്സും കൂടി 108 റൺസാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. 49 പന്തില്‍ നിന്ന് ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 84 റൺസ് നേടിയാണ് കോലി പുറത്തായത്. അതേസമയം ഡിവില്ലിയേഴ്സ് 32 പന്തില്‍ നിന്ന് 63 റൺസ് നേടി 19ാം ഓവറില്‍ സുനില്‍ നരെയ്ന് വിക്കറ്റ് സമ്മാനിച്ചു. അഞ്ച് ഫോറും നാല് സിക്സുമാണ് ഡിവില്ലിയേഴ്സ് നേടിയത്.