കൊൽക്കത്ത : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോറ്റ കൊൽക്കത്തക്ക് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ മത്സരം നിർണായകമാണ്. പോയിന്‍റ് പട്ടികയിൽ അവസാനമുള്ള രാജസ്ഥാനും ഇനിയുള്ള കളികളിലെല്ലാം ജയിച്ചാൽ മാത്രമേ പ്ലേഓഫിലെത്താനുള്ള വിദൂരസാധ്യത നിലനിർത്താൻ സാധിക്കൂ. ഈഡൻ ഗാർഡൻസിൽ രാത്രി എട്ട് മണിക്കാണ് മത്സരം.
പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർ
തുടർച്ചയായി അഞ്ച് കളികളിൽ തോറ്റ കൊൽക്കത്തക്ക് ഇന്നത്തെ മത്സരത്തിൽ ജയിക്കുക എന്നത് അഭിമാന പ്രശ്നമാണ്. എന്നാൽ പോയിന്‍റ് പട്ടികയിൽ അവസാനമുള്ള രാജസ്ഥാൻ ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാൽ മാത്രമേ പ്ലേഓഫിനുള്ള വിദൂര സാധ്യത നിലനിർത്താനാകൂ
സീസണിന്‍റെ തുടക്കത്തിൽ തകർപ്പൻ ഫോമിൽ തുടങ്ങിയ നൈറ്റ് റൈഡേഴ്സ് പ്ലേഓഫിലെത്തുന്ന ആദ്യ ടീമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന അഞ്ച് മത്സരങ്ങളിലേറ്റ തോൽവി തിരിച്ചടിയാവുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിക്കുക എന്നത് നായകൻ ദിനേഷ് കാര്‍ത്തിക്കിന്‍റെ നിലനില്‍പിന്‍റെ പ്രശ്നം കൂടിയാണ്. എപ്പോഴും ആന്ദ്രേ റസലിന്‍റെ ബാറ്റിൽ പ്രതീക്ഷ അർപ്പിക്കുന്നതാണ് കൊൽക്കത്തക്ക് തിരിച്ചടിയാകുന്നത്. ബാറ്റിംഗിലും ബൗളിംഗിലും താരങ്ങൾ നിരാശപ്പെടുത്തുന്നു. നായകൻ കാർത്തിക്കിനും ഇതുവരെ തിളങ്ങാനായിട്ടില്ല. ടീമിൽ അടിമുടി മാറ്റങ്ങളുമായാകും ഇന്ന് നൈറ്റ് റൈഡേഴ്സ് കളിക്കാനിറങ്ങുക.
സ്ഥിരതയില്ലായ്മയാണ് രാജസ്ഥാന്‍റെ തോൽവികൾക്ക് കാരണം. ബൗളിംഗ് വിഭാഗമാണ് റോയൽസിന്‍റെ ഏറ്റവും വലിയ തലവേദന. എത്ര വലിയ സ്കോർ ഉയത്തിയാലും എതിർ ടീം അത് മറികടക്കും. കോടികള്‍ ചെലവഴിച്ച് ടീമിലെത്തിച്ച ഉനദ്കാട്ടും ബെന്‍സ്‌റ്റോക്സും പൂര്‍ണ പരാജയമായി മാറി. എന്നാൽ ബാറ്റിംഗിൽ അജിങ്ക്യ രഹാനെയും സ്റ്റീവൻ സ്മിത്തും ഫോമിലെത്തിയത് ടീമിന് ആശ്വാസകരമാണ്. ബൗളിംഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ രാജസ്ഥാന് ഇന്നത്തെ മത്സരത്തിൽ ഏളുപ്പം ജയിച്ച് കയറാൻ സാധിക്കും.