ഇന്ത്യൻ പ്രീമിയർ ലീഗില്‍ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും ഇന്ന് ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമ്മയും നേർക്കുന്നേർ വരുന്നു എന്ന സവിശേഷത ഇന്നത്തെ മത്സരത്തിനുണ്ട്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോറ്റത്. റിഷഭ് പന്തിന്‍റെ തകർപ്പൻ ബാറ്റിംഗിന് മുമ്പില്‍ നിസ്സഹായരായി നില്‍ക്കുന്ന മുംബൈ ഇന്ത്യൻസ് ബൗളർമാരെയാണ് വാങ്കെഡെയില്‍ കണ്ടത്. അതേസമയം ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനോട് ഏഴ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ കീഴടങ്ങിയത്.
എല്ലാ സീസണിലെ പോലെ ഇത്തവണയും കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തി തൊറ്റു മടങ്ങാനാണോ ബാംഗ്ലൂരിന്‍റെ വിധിയെന്ന് കാത്തിരുന്നു കാണണം. ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗ് നിര അണിനിരക്കുന്ന ഇരുടീമുകളും തമ്മിലുള്ള പോരാട്ടം തീപാറുമെന്നത് ഉറപ്പാണ്.
എത് ടീമിനെയും നേരിടാൻ കരുത്തരായ ബാറ്റിംഗ് നിരയാണ് റോയല്‍ ചലഞ്ചേഴ്സിനുള്ളത്. നായകൻ വിരാട് കോലി, ഡിവില്ലിയേഴ്സ്, ഹെറ്റ്മയർ ഉൾപ്പെടെയുള്ള താരങ്ങൾ ഏത് ബൗളറുടെയും പേടി സ്വപ്നമാണ്. ഓപ്പണിംഗില്‍ പാർഥിവ് പട്ടേലും കോലിയുംതന്നെയിറങ്ങാനാണ് സാധ്യത. ഓൾറൗണ്ടർമാരായി മോയിൻ അലിയും, കോളിൻ ഡി ഗ്രാൻഡോമും ടീമിലുണ്ടാവും. ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ് പാകിസ്ഥാനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ താരത്തെ ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ ലഭിക്കില്ല. മധ്യനിരയില്‍ ഹെറ്റ്മയറും ശിവം ഡൂബെയും ബാറ്റിംഗ് വെടിക്കെട്ട് നടത്താൻ പ്രാപ്തിയുള്ളവരാണ്. ബൗളിംഗില്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണുള്ളത്. ചെന്നൈക്കെതിരെ ചെറിയ സ്കോർ ആയിരുന്നിട്ടു കൂടി പൊരുതി കീഴടങ്ങുകയാണ് ബാംഗ്ലൂർ ചെയ്തത്. ഇന്നത്തെ പോരാട്ടത്തില്‍ വിജയിക്കുക എന്നത് കോലിയെസംബന്ധിച്ച് അനിവാര്യമാണ്.
സീസൺ തോല്‍വിയോടെ ആരംഭിക്കുന്നത് മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് വലിയ കാര്യമല്ല. കഴിഞ്ഞ ഏഴ് സീസണിലും തോല്‍വിയോട് തുടങ്ങി മൂന്ന് തവണ കിരീടമുയർത്താൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു. ഇത്തവണയും അത് ആവർത്തിക്കുമെന്നാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ തോളിന് പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇന്നലെ നെറ്റ്സില്‍ പരിശീലനം നടത്തിയെങ്കിലും ഇന്ന് വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലില്‍ കളിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നല്‍കിയ ലസിത് മലിംഗ ഇന്നിറങ്ങുമോ എന്ന കാര്യവും സംശയമാണ്. മലിംഗയെ ടീമില്‍ ഉൾപ്പെടുത്തിയാല്‍ ബുംറയുടെ വിടവ് നിക്കത്താൻ മുംബൈക്ക് കഴിയും. ഓപ്പണർമാരായി രോഹിത് ശർമ്മയും ഡികോക്കും തന്നെയിറങ്ങും. ആദ്യ മത്സരത്തില്‍ അർധ സെഞ്ച്വറി നേടി യുവരാജ് സിംഗ് തിളങ്ങിയത് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നു. മൂന്നാം നമ്പറില്‍ സൂര്യകുമാർ യാദവിന് പകരം യുവതാരം ഇഷാൻ കിഷനെ കളിപ്പിക്കാനും സാധ്യതയുണ്ട്. പൊള്ളാർഡ്, ഹാർദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നീ ഓൾറൗണ്ടർമാർ കൂടി തിളങ്ങിയാല്‍ മുംബൈക്ക് ഇന്നത്തെ മത്സരത്തില്‍ മേല്‍കൈ ലഭിക്കും.
ഇരുടീമുകളും ഇതുവരെ 25 മത്സരങ്ങളില്‍ നേർക്കുന്നേർ വന്നപ്പോൾ മുംബൈ 16 മത്സരങ്ങളിലും ബാംഗ്ലൂർ ഒമ്പത് മത്സരങ്ങളിലും വിജയിച്ചു.