ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റിന്‍റെ വമ്പൻ ജയം. ഹൈദരാബാദ് ഉയർത്തിയ 182 റൺസിന്‍റെ വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ട് പന്ത് ശേഷിക്കെ മറികടന്നു. നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, ശുഭ്മാൻ ഗില്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.
ഈഡൻ ഗാർഡനിൽ ടോസ് നേടിയ കെകെആർ സൺറൈസേഴ്സിനെ ബാറ്റിങിനയിക്കുകയായിരുന്നു.ആവേശകരമായ മത്സരത്തിന്‍റെ അവസാന ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു. യുവതാരം ശുഭ്മാൻ ഗില്‍ രണ്ട് സിക്സ്ർ പറത്തി കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. 182 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ത്തക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ക്രിസ് ലിന്നിന്‍റെ വിക്കറ്റ് നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റില്‍ നിതീഷ് റാണയും റോബിൻ ഉത്തപ്പയും ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. 47 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും സഹിതം 68 റൺസാണ് റാണ നേടിയത്. ഉത്തപ്പ 35 റൺസെടുത്ത് പുറത്തായി.
പിന്നീട് വന്ന നായകൻ ദിനേശ് കാർത്തിക് രണ്ട് റൺസിന് പുറത്തായി. ശേഷം നഷ്ടപ്പെടുമെന്ന് മത്സരമാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സലും ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലും ചേർന്ന് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് ഓവറില്‍ ജയിക്കുവാൻ 53 റൺസ് വേണ്ടയിടത്ത് നിന്ന് ലക്ഷ്യം ഒരോവറില്‍ 13 റൺസായി റസ്സല്‍ മാറ്റിമറിക്കുകയായിരുന്നു. 19 പന്തുകൾ നേരിട്ട റസ്സല്‍ നാല് ഫോറും നാല് സിക്സും അടക്കം 49 റൺസെടുത്തു. ശുഭ്മാൻ പത്ത് പന്തില്‍ നിന്ന് 18 റൺസ് നേടി. സൺറൈസേഴ്സിന് വേണ്ടി ശക്കീബ് അല്‍ ഹസൻ, സന്ദീപ് ശർമ്മ, സിദ്ധാർഥ് കൗൾ, റാഷീദ് ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരു സീസണിന്‍റെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് കൊൽക്കത്തയ്ക്കെതിരെ മികച്ച സ്കോർ ഉയർത്തിയത്. മാർച്ച് 29ന് രാജസ്ഥാൻ റോയല്‍സിനെതിരെയാണ് സൺറൈസേഴ്സിന്‍റെ അടുത്ത മത്സരം. അതേസമയം നൈറ്റ് റൈഡേഴ്സ് കിങ്സ് ഇലവൻ പഞ്ചാബിനെ മാർച്ച് 27ന് നേരിടും.