ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 162 റൺസ് വിജയലക്ഷ്യം. അർധ സെഞ്ച്വറി നേടിയ ക്രിസ് ലിന്നിന്‍റെ (82) പ്രകടനമാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കൊൽക്കത്തക്കെതിരെ ചെന്നൈക്ക് 162 റൺസ് വിജയലക്ഷ്യം
ഇമ്രാൻ താഹിറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കൊൽക്കത്തയെ 161 ൽ ഒതുക്കിയത്. ക്രിസ് ലിന്നിനൊഴികെ ആർക്കും കൊൽക്കത്ത നിരയിൽ മികച്ച സ്കോർ കണ്ടെത്താനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് ക്രിസ് ലിന്നും സുനിൽ നരെയ്നും മികച്ച തുടക്കം നൽകി. അഞ്ചാം ഓവറിൽ നരെയ്ൻ പുറത്തായെങ്കിലും പിന്നീടെത്തിയ നിതീഷ് റാണയെ കൂട്ട് പിടിച്ച് ലിൻ സ്കോർ മുന്നോട്ട് കൊണ്ടുപോയി. എന്നാർ 11-ാം ഓവറിൽ റാണയും 12-ാം ഓവറിൽ റോബിൻ ഉത്തപ്പയും പുറത്തായതോടെ സ്കോറിംഗിന് വേഗം കുറഞ്ഞു. പിന്നീട് 14-ാം ഓവറിൽ ജഡേജയെ മൂന്ന് സിക്സർ പറത്തി ക്രിസ് ലിൻ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തൊട്ടടുത്ത ഇമ്രാൻ താഹിറിന്‍റെ ഓവറിൽ താരം പുറത്തായി. അതേ ഓവറിലെ അവസാന പന്തിൽ ആന്ദ്രേ റസലും കൂടാരം കയറി. റസൽ പുറത്തായപ്പോൾ കൊൽക്കത്ത 15 ഓവറിൽ 132 റൺസ്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാതെ കൊൽക്കത്ത 161 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇമ്രാന്‍ താഹിറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കൊല്‍ക്കത്തയെ 161-ല്‍ ഒതുക്കാൻ ചെന്നൈയെ സഹായിച്ചത്. ശർദ്ധൂൽ താക്കൂർ രണ്ടും മിച്ചൽ സാന്‍റെനര്‍ ഒരു വിക്കറ്റും നേടി.