ഐപിഎല്ലിൽ ഇന്ന് ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ. ആദ്യ മൂന്ന് കളിയിലും ജയം കണ്ടാത്താനാകാതെ വിഷമിക്കുകയാണ് ഇരു ടീമും. ഇന്നത്തെ കളിയിൽ കൂടി പരാജയപ്പെട്ടാൽ ഈ സീസണിൽ ഒരു തിരിച്ചുവരവ് അസാധ്യമാണ് ഇരു ടീമിനും.
ആദ്യ ജയം തേടി രാജസ്ഥാനും ബാംഗ്ലൂരും ഇന്നിറങ്ങും - വിരാട് കോഹ്‌ലി
ആദ്യ മൂന്ന് കളിയിലും തോൽവി ഏറ്റുവാങ്ങിയ ബാംഗ്ലൂരും രാജസ്ഥാനും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇരുടീമിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം
സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് രാജസ്ഥാന്‍. ആദ്യ മൂന്നു കളികളിലും സ്വന്തം കൈകളിൽ നിന്ന് ജയം നഷ്ടപ്പെടുത്തിയവരാണ് റോയൽസ്. അവസാനം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റുമുട്ടിയ മത്സരത്തിലും ടീം ജയത്തിന്‍റെ വക്കിലെത്തിയിരുന്നു. എന്നാല്‍, സമ്മര്‍ദ്ദം താങ്ങാനാകാതെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍, അജിങ്ക്യ രഹാനെ, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ മികച്ച പ്രകടനം ടീമിന് നൽകുന്നുണ്ടെങ്കിലും ബൗളിംഗ് വിഭാഗത്തിന്‍റെ പ്രകടനമാണ് റോയൽസിന്‍റെ തലവേദന. ജോഫ്ര ആര്‍ച്ചർ മാത്രമാണ് നന്നായി ബൗൾ ചെയ്യുന്ന ഒരേ ഒരു താരം. എന്നാല്‍, 8.4 കോടി രൂപ മുടക്കി വാങ്ങിയ ജയ്‌ദേവ് ഉനദ്കട്ട് ടീമിന് തലവേദനയാണ്. അതിനാൽ ബൗളിംഗിൽ ഇന്ന് അഴിച്ചുപണി നടത്താനാണ് സാധ്യത. കൂടാതെ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ആഷ്‌ടണ്‍ ടര്‍ണര്‍ സ്റ്റീവ് സ്മിത്തിന് പകരം രാജസ്ഥാന്‍ നിരയിൽ ഇന്നിറങ്ങാനും സാധ്യതയുണ്ട്.
അതേസമയം എല്ലാ മേഖലയിലും മോശം പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ബാംഗ്ലൂരിന്‍റെ തോല്‍വികൾക്ക് കാരണം. ബാറ്റിംഗിൽ വെടിക്കെട്ട് വീരൻമാർ ഉണ്ടെങ്കിലും ആരും മികച്ച രീതിയിൽ കളിക്കുന്നില്ല എന്നതാണ് റോയൽ ചലഞ്ചേഴ്സിന്‍റെ തലവേദന. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ആര്‍സിബിയുടെ ബാറ്റിംഗ് പ്രകടനം ദയനീയമായിരുന്നു. ടീമിലുള്ള ഓൾ റൗണ്ടർമാരും ടീമിന് ബാധ്യതയായി മാറുകയാണ്. ബൗളിംഗിലും ആർസിബി വമ്പൻ പരാജയമാണ്. കഴിഞ്ഞ കളിയിൽ സൺറൈസേഴ്സിനെതിരെ 231 റൺസാണ് വിട്ടുകൊടുത്തത്. അതിനാൽ ടീമിൽ കാര്യമായ അഴിച്ചുപണികളോടെയായിരിക്കും ഇന്ന് കോലിയുടെ നേത്യത്വത്തിൽ ടീം ഇറങ്ങുക. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്പൂരിൽ രാത്രി എട്ടിനാണ് മത്സരം.