ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. 12-ാം സീസണിലെ ആദ്യ ജയം തേടിയാണ് ആർസിബി ഇന്ന് നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങുന്നത്. ഈ സീസണിലും മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന ബാംഗ്ലൂരിന് ഇന്നത്തെ മത്സരം ജയിക്കുക എന്നത് അഭിമാന പ്രശ്നമാണ്. വിരാട് കോലിയുടെ നായക സ്ഥാനത്തെക്കുറിച്ചും ഏറെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൊൽക്കത്തക്കെതിരെ ജയിച്ച് വിമര്‍ശകരുടെ വായടിപ്പിക്കേണ്ടത് ആർസിബിയുടെയും കോലിയുടെയും ആവശ്യമാണ്.
ഐപിഎല്ലിൽ ആദ്യ ജയം തേടി ബാംഗ്ലൂർ ഇന്ന് കൊൽക്കത്തക്കെതിരെ
തുടർച്ചയായ അഞ്ചാം ജയമാണ് ആർസിബിക്കെതിരെ നൈറ്റ് റൈഡേഴ്സ് ലക്ഷ്യമിടുന്നത്. 2017 മുതൽ കൊൽക്കത്തയെ തോൽപ്പിക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല.
വമ്പൻ ബാറ്റിംഗ് നിരയുണ്ടെങ്കിലും ആര്‍ക്കും അവസരത്തിനൊത്ത് ഉയരാനാകുന്നില്ല. നായകൻ കോലിയും സമ്മർദ്ദത്തിലാണ്. എബി ഡിവില്ലിയേഴ്സ്, ഹെത്മെയര്‍ തുടങ്ങിയ ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീമിന്‍റെ പ്രശ്നം. ഇന്നത്തെ കളിയിൽ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ്ഹോമിനു പകരം മാർക്കസ് സ്റ്റോയിൻസും ഹെൻറിച്ച് ക്ലാസനും ബാറ്റിംഗ് നിരയിൽ എത്തും. ബൗളിംഗ് വിഭാഗത്തിൽ കിവീസ് താരം ടിം സൗത്തിയും എത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോറ്റതിന്‍റെ ക്ഷീണം തീർക്കാനാകും കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് നെറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ആന്ദ്രേ റസലാണ് ടീമിന്‍റെ ശക്തി. ക്രിസ്ലിന് ഫോം കണ്ടെത്താനാവാത്തത് മാത്രമാണ് ടീമിന്‍റെ തലവേദന. മധ്യനിരയിൽ റോബിൻ ഉത്തപ്പയും ദിനേശ് കാർത്തിക്കും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 23 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 14 തവണ കൊല്‍ക്കത്തയും ഒമ്പത് തവണ ബംഗളൂരുവുമാണ് വിജയിച്ചത്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.