ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഈ സീസണില്‍ ആദ്യം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ നൈറ്റ് റൈഡേഴ്സിനെ ഡൽഹി തകർത്തിരുന്നു. ആ കണക്ക് വീട്ടാനാകും കൊൽക്കത്ത ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുക.
അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടേറ്റ തോൽവി മറന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തുക നൈറ്റ് റൈഡേഴ്സിന് അനിവാര്യമാണ്. പേരുകേട്ട ബാറ്റിംഗ് നിരയുണ്ടായിട്ടും ചെന്നൈയുടെ സ്പിൻ കെണിയില്‍ തകര്‍ന്നടിഞ്ഞ കൊല്‍ക്കത്തക്ക് ആന്ദ്രേ റസലിന്‍റെ പ്രകടനം മാത്രമാണ് ആശ്വാസം. കഴിഞ്ഞ മത്സരത്തിലൊഴികെ ബാറ്റിംഗിൽ കൊൽക്കത്ത തകർപ്പൻ പ്രകടമാണ് കാഴ്ച്ചവെക്കുന്നത്. ക്രിസ് ലിനും സുനില്‍ നരെയ്‌നും ആദ്യ പവര്‍പ്ലേയിൽ അടിച്ച് തകർക്കുമ്പോൾ റോബിൻ ഉത്തപ്പ, നിധീഷ് റാണ എന്നിവരും പ്രതീക്ഷക്കൊത്ത് കളിക്കുന്നുണ്ട്. ക്യാപ്റ്റൻ ദിനേഷ് കാർത്തിക് മാത്രമാണ് ഫോമിലേക്ക് ഉയരാത്തത്. ബൗളിംഗിൽ കുല്‍ദീപ് യാദവ്, പീയൂഷ് ചൗള, സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിൻ ബൗളിംഗിൽ ടീമിന് വിശ്വാസമുണ്ട്. പേസ് നിരയിൽ ലോക്കി ഫെര്‍ഗൂസൻ ഇന്ന് തിരിച്ചെത്തിയേക്കും. ടീമിൽ കാര്യമായ മാറ്റങ്ങലില്ലാതെയാകും നൈറ്റ് റൈഡേഴ്സ് ഇന്നിറങ്ങുക.