ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പ്ലേഓഫിലെത്താൻ കൊൽക്കത്തക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ജയത്തിൽ കുറഞ്ഞതൊന്നും നൈറ്റ് റൈഡേഴ്സ് ഇന്ന് പ്രതീക്ഷിക്കുന്നില്ല.
നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ച മുംബൈക്ക് ഇന്നത്തെ മത്സരം നിർണായകമല്ലെങ്കിലും കൊൽക്കത്തയോട് ജയിച്ച് ഒന്നാം ക്വാളിഫയറിന് യോഗ്യത നേടുകയാകും അവരുടെ ലക്ഷ്യം. കഴിഞ്ഞ കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് സൂപ്പർ ഓവറിൽ ജയിച്ച ആത്മവിശ്വാസത്തിലാകും മുംബൈ ഇറങ്ങുക. ഓൾ റൗണ്ടർമാരുടെയും ബൗളേഴ്സിന്‍റെയും പ്രകടനമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ടീമിന്‍റെ കരുത്ത്.
മറുവശത്ത് കൊല്‍ക്കത്ത സമ്മര്‍ദ്ദത്തിലാണ്. സീസണിന്‍റെ തുടക്കത്തിൽ തകർപ്പൻ ഫോമിലായിരുന്നു ടീം. പിന്നീട് ആറ് കളികളിൽ പരാജയപ്പെട്ടതാണ് നൈറ്റ് റൈഡേഴ്സിന്‍റെ പ്ലേഓഫ് സാധ്യതകൾ തുലാസിലാകാൻ കാരണമായത്. എങ്കിലും അവസാന മത്സരങ്ങളിൽ ജയിച്ച് പ്രതീക്ഷകൾ നിലനിർത്താൻ അവർക്കായി. ആന്ദ്രേ റസൽ, ശുഭ്മാൻ ഗിൽ, ക്രിസ് ലിൻ എന്നിവരുടെ ബാറ്റിംഗാണ് കൊൽക്കത്തയുടെ ശക്തി. ബൗളിംഗിൽ മലയാളി താരം സന്ദീപ് വാര്യരുടെ പ്രകടനവും അവസാന രണ്ട് വിജയങ്ങളിൽ നിർണായകമായി.
ഇന്ന് ജയിച്ചാൽ 14 പോയിന്‍റോടെ കൊല്‍ക്കത്തക്ക് പ്ലേഓഫിലെത്താം. എന്നാൽ കൊൽക്കത്ത തോറ്റാൽ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലെത്തും. രാത്രി എട്ട് മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.