മുംബൈ : ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്സ് ഗ്ലാമർ പോരാട്ടം. ഐപിഎൽ ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകതയാണ്.
നായകൻ എംഎസ് ധോണിയുടെ കീഴിൽ പരാജയമറിയാതെ കുതിക്കുകയാണ് ചെന്നൈ ഈ സീസണിൽ. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ചെന്നൈ പോയിന്‍റ്നിലയിൽ ഒന്നാമതാണ്. അതേ സമയം രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിന് ഒരു കളിയിൽ മാത്രമാണ് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ഡൽഹിയോടും കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോടും പരാജയപ്പെട്ട മുംബൈ ടൂർണമെന്‍റിൽ ഇഴയുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മാത്രമാണ് ജയിച്ചിട്ടുള്ളത്.
സിഎസ്കെ അപാര ഫോമിലാണ് ഇത്തവണ കുതിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും കിടിലൻ പ്രകടനമാണ് ചെന്നൈ കാഴ്ച്ചവെക്കുന്നത്. ഇന്നത്തെ മത്സരത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാകും ചെന്നൈ ഇറങ്ങുക. എങ്കിലും ഹർഭജൻ സിംഗ് ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. ജയം ലക്ഷ്യമാക്കി ഇറങ്ങുന്ന മുംബൈ നിരയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ശ്രീലങ്കയിലേക്ക് മടങ്ങിയ ലസിത് മലിംഗക്ക് പകരം അൽസാരി ജോസഫോ ബെൻ കട്ടിങോ ആയിരിക്കും മുംബൈ നിരയിൽ ഇറങ്ങുക.
ഐപിഎല്ലിൽ ഇരുടീമും ഇതുവരെ 26 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 14 കളിയിൽ മുംബൈയും 12 കളിയിൽ ചെന്നൈയും വിജയം കണ്ടു. ടൂർണമെന്‍റിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും ജയിച്ചത് മുംബൈ ഇന്ത്യൻസാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.