കേരളം

kerala

ETV Bharat / sports

പ്ലേഓഫ് കാണാതെ കൊൽക്കത്ത പുറത്ത് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിർണായക മത്സരത്തിൽ മുംബൈയോട് ഒമ്പത് വിക്കറ്റിന്‍റെ തോൽവിയാണ് കൊൽക്കത്ത വഴങ്ങിയത്. ഇതോടെ റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലെത്തി.

ഐപിഎൽ

By

Published : May 5, 2019, 11:46 PM IST

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പ്ലേഓഫ് സാധ്യതകൾ തകർത്ത് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത ഉയർത്തിയ 134 റൺസിന്‍റെ വിജയലക്ഷ്യം ഒരുവിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിന് ക്രിസ് ലിന്നിന്‍റെ (41) ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. നിർണായക മത്സരത്തിൽ ബാറ്റ്സ്മാൻമാർ കളിമറന്നതാണ് കൊൽക്കത്തക്ക് തിരിച്ചടിയായത്. താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന മുംബൈ അനായാസം ജയത്തിലേക്കെത്തി. ആദ്യ വിക്കറ്റിൽ രോഹിത് ശർമ്മയും ക്വിന്‍റൺ ഡികോക്കും 46 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ ഡികോക്ക് (30) പുറത്തായെങ്കിലും രോഹിത് ശർമ്മയും (55), സുര്യകുമാർ യാദവും (46) മുംബൈയെ 16.1 ഓവറിൽ അനായാസം വിജയത്തിലേക്ക് എത്തിച്ചു. കൊൽക്കത്തക്കായി ഇന്നും മലയാളി താരം സന്ദീപ് വാര്യർ മികച്ച പ്രകടനം കാഴ്ചവച്ചു. നാലോവർ എറിഞ്ഞ സന്ദീപ് 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി.

ജയത്തോടെ ഡൽഹി ക്യാപിറ്റൽസിനെ മറികടന്ന് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ഒന്നാം ക്വാളിഫയർ യോഗ്യത നേടാനും മുംബൈക്കായി. തോൽവിയോടെ കൊൽക്കത്ത പ്ലേഓഫ് കാണാതെ പുറത്തായപ്പോൾ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലെത്തി.

ABOUT THE AUTHOR

...view details