സീസണിലെ തങ്ങളുടെ ആദ്യ ഐപില്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്കോറാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റൺസെടുത്തു. 18 പന്തില്‍ അർധ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്‍റെ അസാമാന്യ പ്രകടനമാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
വാങ്കഡെയില്‍ തീപ്പൊരി പ്രകടനവുമായി റിഷഭ് പന്ത് - ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റൺസെടുത്തു. 27 പന്തില്‍ 78 റൺസുമായി പന്ത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ് ആരംഭിച്ച ഡല്‍ഹിക്ക് നല്ല തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ ഓപ്പണർ പൃഥ്വി ഷായെയും (7) നാലാം ഓവറില്‍ നായകൻ ശ്രേയസ് അയ്യറിനെയും (16) ഡല്‍ഹിക്ക് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രാമും ശിഖർ ധവാനും ചേർന്ന് ഡല്‍ഹിയുടെ സ്കോർ ബോർഡ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ചലിപ്പിച്ചു. ഇൻഗ്രാം 32 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തും ധവാൻ 36 പന്തില്‍ 43 റൺസെടുത്തും പുറത്തായി. അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം റിഷഭ് പന്ത് കത്തിക്കയറിയതോടെ ഡല്‍ഹിയുടെ സ്കോറിംഗ് വേഗത വർധിച്ചു. 18 പന്തില്‍ നിന്ന് അർധ സെഞ്ച്വറി നേടിയ പന്ത് 78 റൺസെടുത്തു. ഏഴ് ഫോറും ഏഴ് സിക്സും സഹിതമായിരുന്നു പന്തിന്‍റെ ഇന്നിംഗ്സ്.
മുംബൈ ഇന്ത്യൻസിന് വേണ്ടി മിച്ചല്‍ മക്ലനാഗൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ, ബെൻ കട്ടിംഗ്, ബുമ്ര എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.