ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. മുംബൈ ഉയർത്തിയ 177 റണ്‍സിന്‍റെ വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. കെ.എൽ രാഹുലിന്‍റെ അർധസെഞ്ച്വറി നേട്ടവും ക്രിസ് ഗെയിലിന്‍റെ 40 റൺസ് വെടിക്കെട്ടുമാണ് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു. നായകൻ രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും മുംബൈക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 19 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ വില്‍ജോ പുറത്താക്കുകയായിരുന്നു.
ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതോടെ മുംബൈയുടെ താളം നഷ്ടപ്പെട്ടു. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് 11 റൺസെടുത്ത് പുറത്തായി. പിന്നീട് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഡിക്കോക്കിനെ മുരുകന്‍ അശ്വിന്‍ മടക്കിയതോടെ മുംബൈ സ്കോർ ഇഴഞ്ഞു നീങ്ങി. എന്നാൽ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് പാണ്ഡ്യ മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിംനിറങ്ങിയ കിംഗ്‌സ് ഇലവന്ഗെയിലും രാഹുലും കൂടി മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ 53 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. രണ്ടാമനായെത്തിയ മായങ്ക് അഗർവാൾ പൊരുതി കളിച്ചതോടെ പഞ്ചാബ് സ്കോർ വേഗത്തിൽ മുന്നോട്ട് നീക്കി. 21 പന്തില്‍ 43 റണ്‍സ് നേടിയ അഗർവാളിനെ ക്രുണാല്‍ പാണ്ഡ്യ മടക്കി. മായങ്ക് പുറത്തായ ശേഷം രാഹുൽ മികച്ച കളി പുറത്തെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15-ാം ഓവറില്‍ 19 റണ്‍സ് അടിച്ചെടുത്ത് മില്ലറും രാഹുലും മത്സരം കിങ്സ് ഇലവന്‍റെ കൈകളിലാക്കി. അവസാന മൂന്ന് ഓവറില്‍ വിജയലക്ഷ്യം 14 റൺസെന്ന നിലയിലേക്ക് മാറിയപ്പോൾ രാഹുലും മില്ലറും അനായാസം പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.