ഐപിഎല്ലില്‍ സാം കറാന്‍റെ ഹാട്രിക് മികവിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ടൂർണമെന്‍റിലെ മൂന്നാം ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റൺസെടുത്തു. അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ 14 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് കിങ്സ് ഇലവൻ സ്വന്തമാക്കിയത്.
സൂപ്പർതാരം ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്നലെ മത്സരത്തിന് ഇറങ്ങിയത്. രണ്ടാം ഓവറിൽ തന്നെ കെ എൽ രാഹുൽ മടങ്ങി. പിന്നാലെ നാലാം ഓവറിൽ കറാനെയും മടക്കി ലാമിച്ചാനെ പഞ്ചാബിനെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ കളിയിൽ തിളങ്ങിയ മായങ്ക് അഗര്‍വാളിനും അധികം പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിൽ പതറിയ കിങ്സ് ഇലവനെ സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറും ചേര്‍ന്ന് 14 ഓവറിൽ 120 റണ്‍സിലെത്തിച്ചു. സര്‍ഫ്രാസ് 39 റൺസും മില്ലർ 43 റൺസും നേടി. അവസാന ഓവറില്‍ ആഞ്ഞടിച്ച മന്‍ദീപ് സിങാണ് (29*) പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഡല്‍ഹിക്കായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റുംറബാഡ,ലാമിച്ചാനെ എന്നിവർരണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.