ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 184 റൺസിന്‍റെ വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെയാണ് കൊൽക്കത്ത മറികടന്നത്. ജയത്തോടെ നൈറ്റ് റൈഡേഴ്സ് പ്ലേഓഫ് സാധ്യതകൾ നിലനിർത്തി.
പഞ്ചാബിനെ തകർത്ത് കൊൽക്കത്ത പ്ലേഓഫ് സാധ്യതകൾ നിലനിർത്തി - കിങ്സ് ഇലവൻ പഞ്ചാബ്
ജയത്തോടെ കൊൽക്കത്ത പ്ലേഓഫ് സാധ്യതകൾ നിലനിർത്തിയപ്പോൾ പഞ്ചാബിന്‍റെ പ്ലേഓഫ് സ്വപ്നങ്ങൾ അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് സാം കറാന്‍ (55), നിക്കോളാസ് പുരാന്‍ (48), മായങ്ക് അഗർവാൾ (36) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് ശുഭ്മാൻ ഗില്ലും (65*), ക്രിസ് ലിന്നും (46) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യവിക്കറ്റിൽ ചേർന്ന് 62 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ആറാം ഓവറിൽ 46 റൺസെടുത്ത ലിന്നിനെ പുറത്താക്കി ആൻഡ്രൂ ടൈ പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീടെത്തിയ റോബിൻ ഉത്തപ്പ (22), ആന്ദ്രേ റസൽ (24) എന്നിവർ ടീമിന് ഭേദപ്പെട്ട സംഭാവനകൾ നൽകി മടങ്ങി. ഒരറ്റത്ത് പുറത്താകാതെ നിന്ന ശുഭ്മാൻ ഗിൽ (65*) നായകൻ ദിനേശ് കാർത്തിക്കിനെ (21*) കൂട്ടുപിടിച്ച് ടീമിനെ അനായാസം വിജയത്തിലേക്കെത്തിച്ചു.
ജയത്തോടെ കൊൽക്കത്ത പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. പഞ്ചാബിനായി മുഹമ്മദ് ഷമി, രവീചന്ദ്ര അശ്വിൻ, ആൻഡ്രൂ ടൈ എന്നിവർ ഓരോ വിക്കറ്റ് നേടി. തോൽവിയോടെ കിങ്സ് ഇലവന്‍റെ പ്ലേഓഫ് സാധ്യതകൾ അവസാനിച്ചു.