ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 28 റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 218 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. നിതീഷ് റാണ (63), റോബിന്‍ ഉത്തപ്പ (67*), ആന്ദ്രേ റസല്‍ (48) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തകര്‍ച്ചയോടെയായിരുന്നു കിങ്‌സ് ഇലവന്‍റെ തുടക്കം. രണ്ടാം ഓവറിൽ തന്നെ കെ.എൽ രാഹുലിനെ പഞ്ചാബിന് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ നിരാശപ്പെടുത്തുന്നത്. പിന്നീട് ഗെയിലിന്‍റെ ബാറ്റിനെ ആശ്രയിച്ചെങ്കിലും അഞ്ചാം ഓവറില്‍ ഗെയിലും പവലിയനില്‍ തിരിച്ചെത്തി.