കേരളം

kerala

ETV Bharat / sports

ഐപിഎൽ കലാശപ്പോരിൽ ഇന്ന് മുംബൈ ചെന്നൈ പോരാട്ടം - മുംബൈ ഇന്ത്യൻസ്

ഇന്ന് ജയിക്കുന്നവർ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയെന്ന ടീമാകും. മത്സരം രാത്രി 7.30 ന് ഹൈദരാബാദിൽ

ഐപിഎൽ ഫൈനൽ

By

Published : May 12, 2019, 9:18 AM IST

ഐപിഎൽ കലാശപ്പോരിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇത് നാലാം തവണയാണ് ഇരുടീമും ഫൈനലിൽ നേർക്കുനേർ വരുന്നത്.

ഒന്നാം ക്വാളിഫയറിൽ ചെന്നൈയെ തകർത്താണ് മുംബൈ കലാശപ്പോരിന് ഇറങ്ങുന്നത്. ടൂർണമെന്‍റിൽ ഓൾ റൗണ്ടർമാരുടെ പ്രകടനമാണ് മുബൈക്ക് കരുത്തായത്. ഓപ്പണിംഗിൽ ക്വിന്‍റൺ ഡികോക്കും നായകൻ രോഹിത് ശർമ്മയും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ ടീമിനെ ജയത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിന്‍റെ പ്രകടവും ശ്രദ്ധേയമാണ്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനമാണ് മുംബൈയുടെ ശക്തി. അവസാന ഓവറുകളിൽ പാണ്ഡ്യ തകർത്തടിക്കുമ്പോൾ മുംബൈക്ക് ഏത് സ്കോറും നേടാൻ സാധിക്കും. ജസ്പ്രിത് ബുംറയും ലതിസ് മലിംഗയും നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്. റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്ന രാഹുൽ ചാഹർ, ക്രുനാൽ പാണ്ഡ്യ എന്നിവരെ ടീമിൽ നിലനിർത്തുമ്പോൾ റണ്ണൊഴുകുന്ന പിച്ചിൽ ജയന്ത് യാദവിന് പകരം കിവീസ് താരം മിച്ചൽ മക്ലെനാഗൻ ടീമിൽ ഇടംപിടിച്ചേക്കും.

ക്വാളിഫയറിൽ മുംബൈയോട് തോറ്റെങ്കിലും എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കിയാണ് ചെന്നൈ ഫൈനൽ യോഗ്യത നേടിയത്. നായകൻ എം.എസ് ധോണിയാണ് ചെന്നൈയുടെ കരുത്ത്. പിച്ചിനും എതിരാളികള്‍ക്കും അനുസരിച്ച്‌ ടീമില്‍ അഴിച്ചുപണി വരുത്തുന്ന ധോണിക്ക് ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് തലവേദന. ടൂർണമെന്‍റിൽ ഫോം കണ്ടെത്താതെ വിഷമിച്ച ഷെയിൻ വാട്സൺ കഴിഞ്ഞ കളിയിൽ ഫോമിലേക്ക് തിരിച്ചെത്തിയത് സിഎസ്കെയ്ക്ക് ആശ്വാസം നൽകുന്ന ഘടകമാണ്. ഓപ്പണിംഗിൽ ഫാഫ് ഡുപ്ലെസിസ് മികച്ച ഇന്നിംഗ്സുകൾ കാഴ്ച്ചവെക്കുമ്പോൾ സുരേഷ് റെയ്ന നിരാശപ്പെടുത്തുന്നു. ബൗളിംഗാണ് ചെന്നൈയുടെ കരുത്ത്. ഇമ്രാൻ താഹിറും ഹർഭജൻ സിങും തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെക്കുമ്പോൾ രവീന്ദ്ര ജഡേജയും മികച്ച പിന്തുണ നൽകുന്നു. ദീപക് ചാഹറും ഡ്വെയിൻ ബ്രാവോയും പേസ് നിരിയിലും തിളങ്ങുമ്പോൾ ചെന്നൈക്ക് പ്രതീക്ഷ നൽകുന്നു.

സീസണിൽ ഇത് നാലാം തവണയാണ് ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടുന്നത്. മൂന്നുതവണയും ചെന്നൈയെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. ഇതുവരെ മൂന്ന് തവണ ഫൈനലിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ മുംബൈ രണ്ട് തവണ കപ്പുയർത്തി. ഇന്ന് ജയിക്കുന്നവർ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയെന്ന റെക്കോർഡിന് ഉടമകളാകും. മത്സരം രാത്രി 7.30 ന് ഹൈദരാബാദിൽ.

ABOUT THE AUTHOR

...view details