കേരളം

kerala

ETV Bharat / sports

പ്ലേഓഫിനായി ഡൽഹിയും ബാംഗ്ലൂരും നേർക്കുനേർ - ഡൽഹി ക്യാപിറ്റൽസ്

നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ നാല് വിക്കറ്റിന് ഡല്‍ഹി പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ജയിക്കാനായാൽ ഡൽഹിക്ക് പ്ലേഓഫിലെത്താം.

ഐപിഎൽ

By

Published : Apr 28, 2019, 2:03 PM IST

ഐപിഎല്ലിൽ ഇന്ന് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഈ മത്സരത്തില്‍ ജയിക്കാനായാല്‍ ഡല്‍ഹിക്ക് പ്ലേഓഫിലെത്താം. എന്നാല്‍ ഇനിയുള്ള എല്ലാ മത്സരത്തിലും ജയിച്ചാല്‍ മാത്രമേ ബാംഗ്ലൂരിന് പ്ലേഓഫിലെത്താനാകൂ.

യുവനിരയുടെ കരുത്തിലാണ് ഡൽഹി ഇത്തവണ കുതിക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും നാല് തോല്‍വിയുമടക്കം മൂന്നാം സ്ഥാനത്താണ് ഡൽഹി. ബൗളിംഗാണ് ഡൽഹിയുടെ ശക്തി. കഗിസോ റബാഡ നയിക്കുന്ന പേസ് നിര എതിരാളികൾക്ക് വെല്ലുവിളിയാണ്. ഇഷാന്ത് ശര്‍മ റബാഡക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. ബാറ്റിംഗിൽ ശിഖർ ധവാനും പൃഥ്വി ഷായും ഭേദപ്പെട്ട തുടക്കം നൽകുമ്പോൾ നായകൻ ശ്രേയസ് അയ്യരും, റിഷഭ് പന്തും മധ്യനിരയിൽ തകർത്ത് കളിക്കുന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു. എന്നാൽ കോളിന്‍ ഇന്‍ഗ്രം, ക്രിസ് മോറിസ് എന്നിവർ ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കണം.

തുടര്‍ച്ചയായി ആറ് മത്സരങ്ങളിൽ പരാജയം നേരിട്ട ബാംഗ്ലൂർ അവസാന മൂന്ന് മത്സരങ്ങളില്‍ ജയിച്ച് ശക്തമായി തിരിച്ചെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ്. ഓപ്പണിംഗില്‍ വിരാട് കോലിക്കൊപ്പം പാര്‍ഥിവ് പട്ടേലും ഫോം കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ കളിയോടെ എബി ഡിവില്ലിയേഴ്‌സും ഫോമിലെത്തിയിട്ടുണ്ട്. മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ പ്രകടനവും ടീമിന് കരുത്താണ്. മോയിന്‍ അലി നാട്ടിലേക്ക് മടങ്ങിയത് ആർസിബിക്ക് തിരിച്ചടിയാണ്. കൂടാതെ ഡെയിൽ സ്റ്റെയിന്‍ പരിക്കേറ്റ് പുറത്തായതും ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ബൗളിംഗിൽ നവ്ദീപ് സൈനിയും യൂസ്വേന്ദ്ര ചാഹലും മികച്ച രീതിയിൽ പന്തെറിയുമ്പോൾ ഉമേഷ് യാദവ് നിരാശപ്പെടുത്തുന്നു. ഇന്ന് ജയിക്കാനായാൽ ആർസിബിക്ക് പ്ലേഓഫിലേക്ക് അടുക്കാം. ഡൽഹി ഫിറോസ് ഷാ കോട്ട്‌ലയിൽ വൈകിട്ട് നാല് മണിക്കാണ് മത്സരം.

ABOUT THE AUTHOR

...view details