ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പർ പോരാട്ടം. ടൂർണമെന്‍റിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ ഇന്ന് ഏറ്റുമുട്ടുമ്പോൾ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. നിലവിൽ അഞ്ച് കളികൾ പൂർത്തിയാക്കിയപ്പോൾ നാല് ജയവും ഒരു തോൽവിയുമായി കൊൽക്കത്തയും ചെന്നൈയും ഒന്നും രണ്ടും സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ കിങ്സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ എത്തുമ്പോൾ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് കൊൽക്കത്ത എത്തുന്നത്.
ഓൾ റൗണ്ടർമാരുടെ കരുത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. ബൗളർമാരും ചെന്നൈയുടെ അവസാന രണ്ട് വിജയങ്ങളിൽ നിർണായകമായി. എന്നാൽ ബാറ്റിംഗ് നിരയുടെ പ്രകടനമാണ് സിഎസ്കെയുടെ തലവേദന. ശരാശരി നിലവാരത്തിന് മുകളിലേക്ക് ഉയരാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. അഞ്ച് മത്സരത്തില്‍ നിന്ന് 156 റണ്‍സ് നേടിയ ധോണിയാണ് ചെന്നൈ നിരയിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. സുരേഷ് റെയ്‌ന 118 റണ്‍സും കേദാര്‍ ജാദവ് 106 റണ്‍സും നേടിയിട്ടുണ്ട്. ഓപ്പണര്‍ റോളില്‍ നിന്ന് റായുഡുവിനെ മാറ്റി പകരം ഫഫ് ഡുപ്ലെസിസിനെയും ഷെയ്ന്‍വാട്‌സണെയും പരീക്ഷിച്ചത് വിജയിച്ചിരുന്നു. ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. നൈറ്റ് റൈഡേഴ്സിനെതിരെ ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ധോണി ടീമിനെ ഇറക്കുക.