ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ ചെന്നൈ ഇന്നത്തെ മത്സരത്തിൽ ജയിച്ച് പ്ലേഓഫ് ഉറപ്പിക്കാനാകും ഇറങ്ങുക. അവസാന രണ്ട് മത്സരങ്ങളിലും ജയിച്ച സൺറൈസേഴ്സ് ഇന്നത്തെ മത്സരത്തിൽ ജയിച്ച് പൊയിന്‍റ് പട്ടികയിൽ മുംബൈയെ മറികടന്ന് മൂന്നാമതെത്താനാകും ശ്രമിക്കുക.
പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈ ഇന്ന് ഹൈദരാബാദിനെതിരെ
കഴിഞ്ഞ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് ആറ് വിക്കറ്റിന് ചെന്നൈയെ തോൽപ്പിച്ചിരുന്നു.
സീസണില്‍ തകർപ്പൻ കുതിപ്പ് നടത്തിയശേഷമാണ് ചെന്നൈ അടുപ്പിച്ച് രണ്ട് കളിയിൽ തോല്‍വി വഴങ്ങിയത്. എന്നാൽ ഇനി ഒരു ജയം കൂടി മതിയാകും ചെന്നൈക്ക് പ്ലേഓഫ് ഉറപ്പിക്കാൻ. ബാറ്റിംഗിൽ ഷെയിൻ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന എന്നിവര്‍ നിറംമങ്ങിയത് ടീമിന്‍റെ പ്രകടനത്തെയും കാര്യമായി ബാധിച്ചു. എല്ലാ സീസണിലും മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്ന റെയ്‌ന ഈ സീസണിൽ നിരാശപ്പെടുത്തുന്നത് ചെന്നൈക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തില്‍ ആർസിബിക്കെതിരെ ധോണി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈയുടെ ആത്മവിശ്വാസം കൂട്ടും. ബൗളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ട്. ദീപക് ചാഹർ, ഇമ്രാൻ താഹിർ, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ ബൗളിംഗാണ് ചെന്നൈയുടെ കരുത്ത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നടത്തിയ മികച്ച പ്രകടനം ഇന്നും ആവർത്തിക്കാനായാൽ ചെന്നൈക്കെതിരെ ഹൈദരാബാദിന് വിജയം ഉറപ്പിക്കാം. ഡേവിഡ് വാര്‍ണർ-ജോണി ബെയര്‍സ്‌റ്റോ ഓപ്പണിംഗ് കൂട്ടുകെട്ടാണ് സൺറൈസേഴ്സിന്‍റെ കരുത്ത്. ഇരുവരുടെയും ബാറ്റിംഗ് പ്രകടനമാണ് ഹൈദരാബാദിന് മിക്ക മത്സരങ്ങളിലും അനായാസ ജയം സമ്മാനിക്കുന്നത്. അഫ്ഗാൻ താരം റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയം കണ്ടെത്താനായ ടീമിനെ നിലനിർത്തിയാകും സൺറൈസേഴ്സ് ഇറങ്ങുക. ഇന്നത്തെ കളിയിൽ ചെന്നൈക്കെതിരെ ജയിച്ച് പ്ലേഓഫിലേക്ക് അടുക്കാനാകും അവരുടെ ശ്രമം.