ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഒമ്പത് വിക്കറ്റിന്‍റെ തകർപ്പൻ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അഞ്ചോവർ ബാക്കി നിൽക്കെ ഒരുവിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടക്കുകയായിരുന്നു.
കൊൽക്കത്തക്ക് തുടർച്ചയായ അഞ്ചാം തോൽവി - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ജയത്തോടെ സൺറൈസേഴ്സ് പ്ലേഓഫ് പോരാട്ടത്തിൽ നാലാമതെത്തി. സീസണിലെ ആറാം തോൽവിയോടെ കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾക്ക് തിരിച്ചടിയായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ക്രിസ് ലിന്നിന്‍റെ അർധ സെഞ്ച്വറി മികവിലാണ് 159 റൺസിലെത്തിയത്. എട്ടു ബോളിൽ 25 റണ്‍സെടുത്ത് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും മൂന്നാം ഓവറിൽ നരെയ്ൻ പുറത്തായതോടെ നൈറ്റ് റൈഡേഴ്സിന്‍റെ സ്കോറിംഗ് വേഗം കുറഞ്ഞു. പിന്നീട് എത്തിയ ശുഭ്മാന്‍ ഗില്‍(3), നിതീഷ് റാണ(11), ദിനേശ് കാര്‍ത്തിക്(6) എന്നിവരെ പെട്ടെന്ന് നഷ്ടമായതോടെ കൊല്‍ക്കത്ത പരുങ്ങി. പിന്നീട് ഉത്തപ്പക്ക് പകരം ടീമിലെത്തിയ റിങ്കു സിങിനെ കൂട്ടുപിടിച്ച് ലിന്‍ കൊല്‍ക്കത്തയെ മുന്നോട്ട് കൊണ്ടുപോയി. 16-ാം ഓവറിൽ റിങ്കു സിങ് (30) പുറത്തായി. പിന്നീട് എത്തിയ ആന്ദ്രേ റസൽ രണ്ട് സിക്സ് പറത്തി പ്രതീക്ഷ നൽകിയെങ്കിലും 19-ാം ഓവറിൽ പുറത്തായി. അവസാന ഓവറില്‍ ഒമ്പത് റണ്‍സെടുത്ത കരിയപ്പയാണ് കൊല്‍ക്കത്തയെ 159 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്നും ഭുവനേശ്വർ കുമാര്‍ രണ്ടും റഷീദ് ഖാന്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും തകർപ്പൻ തുടക്കം നൽകി. ആറോവറിൽ 72 റൺസ് ഇരുവരും അടിച്ചുകൂട്ടി. കളിയുടെ പൂർണ ആതിപത്യം ഏറ്റെടുത്ത ഹൈദരാബാദ് വിജയത്തിലേക്ക് അനായാസം മുന്നേറി. 13-ാം ഓവറിൽ 67 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായെങ്കിലും സൺറൈസേഴ്സ് വിജയത്തിലേക്ക് അടുത്തിരുന്നു. ആദ്യവിക്കറ്റ് വീണശേഷം ആക്രമണം ഏറ്റെടുത്ത ബെയര്‍സ്റ്റോ 43 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ നാലാമതെത്താനും സൺറൈസേഴ്സിനായി.