ഐപിഎല്ലിൽ അവസാന ബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു റൺസ് ജയം. ആർസിബി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് ധോണിയുടെ ഒറ്റയാൾ പോരാട്ടമാണ് അവസാന ബോൾ വരെ വിജയപ്രതീക്ഷ നൽകിയത്. എന്നാൽ അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്ന രണ്ട് റൺസ് സിഎസ്കെയ്ക്ക് എടുക്കാൻ സാധിക്കാതെ വന്നതോടെ ആർസിബി ആവേശകരമായ ജയം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് പാർഥിവ് പട്ടേലിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തിരിച്ചടിയോടെയാണ് ബാംഗ്ലൂർ ഇന്നിംഗ്സ് ആരംഭിച്ചത്. മൂന്നാം ഓവറിൽ തന്നെ നായകൻ വിരാട് കോലിയെ ആർസിബിക്ക് നഷ്ടമായി. പിന്നീട് ഒന്നിച്ച പാർഥിവ് പട്ടേലും എബി ഡിവില്ലിയേഴ്സും മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഏഴാം ഓവറിൽ ഡിവില്ലിയേഴ്സിനെ പുറത്താക്കി ജഡേജ ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകി. അതിനുശേഷം അക്ഷദീപ് നാഥിനെ കൂട്ടുപിടിച്ച് പാര്‍ഥിവ് ബാംഗ്ലൂര്‍ സ്കോര്‍ മുന്നോട്ട് നീക്കി. എന്നാൽ 13-ാം ഓവറിൽ അക്ഷദീപിനെയും മടക്കി ജഡേജ വീണ്ടും ബാംഗ്ലൂരിന് വെല്ലുവിളിയായി. എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന പട്ടേൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. 16-ാം ഓവറിൽ പട്ടേലും പുറത്ത്. പിന്നീടെത്തിയ മോയിന്‍ അലിയും (26), സ്റ്റോയിനസും (16) കാര്യമായി തിളങ്ങാതെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ 161-ല്‍ ഒതുങ്ങുകയായിരുന്നു. ചെന്നൈക്കായി ജഡേജ, ചാഹർ, ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെയും തുടക്കം തകർച്ചയോടെയായിരുന്നു. 28 റൺസെടുക്കുന്നതിനിടയിൽ സിഎസ്കെയുടെ നാല് ബാറ്റ്സ്മാൻമാർ കൂടാരം കയറി. ഷെയിൻ വാട്സൺ (5),ഫാഫ് ഡുപ്ലെസിസ്(5), സുരേഷ് റെയ്ന(0), കേദാർ ജാദവ് (9) എന്നിവരാണ് പുറത്തായത്. എന്നാൽ അവിടുന്ന് അമ്പാട്ടി റായുഡുവും നായകൻ എംഎസ് ധോണിയും ചെന്നൈയെ കരകയറ്റി. 14-ാം ഓവറിൽ റായുഡുവിനെ (29) പുറത്താക്കി യുസ്വേന്ദ്ര ചാഹൽ ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ ജഡേജ (11), ഡ്വെയ്ൻ ബ്രാവോ (5)എന്നിവർ നിരാശപ്പെടുത്തി. എന്നാൽ ഒരുവശത്ത് ധോണി ക്രീസിലുണ്ടായിരുന്നത് ചെന്നൈക്ക് പ്രതീക്ഷ നൽകി. 48 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ധോണി അവസാന നിമിഷം വരെ സിഎസ്കെയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ ചെന്നൈക്ക് ജയിക്കാൻ 25 റൺസ് വേണമായിരുന്നു. പ്രതാപകാലത്തെ ഓർമ്മിപ്പിച്ച് ബാറ്റുവീശിയ ധോണി ആദ്യ ബോളിൽ ഫോറ്, രണ്ടും മൂന്നും പന്തുകളിൽ സിക്സും നേടി മത്സരം ആവേശകരമാക്കി. നാലാം ബോളിൽ രണ്ട് റണ്‍സ് ഓടിയെടുത്തു. അഞ്ചാം ബോൾ വീണ്ടും ഗ്യാലറിയിലെത്തിച്ച ധോണി സിഎസ്കെയ്ക്ക് ജയവും പ്ലേഓഫും നേടിക്കൊടുമെന്ന് തോന്നിപ്പിച്ചു. എന്നാൽ അവസാന ബോളിൽ ജയിക്കാൻ വേണ്ടിയിരുന്ന രണ്ട് റൺസ് എന്ന ഘട്ടത്തിൽ ഉമേഷ് യാദവിന്‍റെ പന്ത് ധോണിക്ക് തൊടാനായില്ല. ഓടി റണ്‍സെടുക്കാന്‍ ശ്രമിച്ചെങ്കിലും ശർദ്ധൂൽ താക്കൂർ ക്രീസിലെത്തും മുമ്പ് പാര്‍ഥിവ് പട്ടേല്‍ വിക്കറ്റ് തെറിപ്പിച്ചതോടെ ബാംഗ്ലൂരിന് ആവേശജയം.
ഇന്നത്തെ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ചെന്നൈക്ക് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആർസിബിക്കായി ഡെയിൽ സ്റ്റെയിനും ഉമേഷ് യാദവും രണ്ട് വിക്കറ്റ് നേടിയപ്പോൾ നവ്ദീപ് സൈനിയും ചാഹലും ഒരോ വിക്കറ്റും നേടി.