ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ചെന്നൈ ഇറങ്ങുമ്പോൾ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് ഡൽഹി എത്തുന്നത്. ഇന്ന് ജയിക്കുന്നവർ ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും.
ആദ്യ പ്ലേഓഫിൽ മുംബൈയോട് തോറ്റെങ്കിലും നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയെ എഴുതി തള്ളാനാവില്ല. കഴിഞ്ഞ കളിയിൽ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് ചെന്നൈക്ക് തിരിച്ചടിയായത്. ഓപ്പണിംഗിൽ ഫാഫ് ഡുപ്ലെസിസിന് പിന്തുണ നൽകാൻ ഷെയിൻ വാട്സണ് സാധിക്കുന്നില്ല. ബാറ്റിംഗിൽ അവസാന മത്സരങ്ങളിൽ തിളങ്ങിയ സുരേഷ് റെയ്നയും നിർണായക മത്സരത്തിൽ നിരാശപ്പെടുത്തിയത് ചെന്നൈക്ക് തലവേദനയാണ്. എന്നാൽ അമ്പാട്ടി റായുഡുവും ടീമിനെ ഒറ്റക്ക് ചുമരിലേറ്റുന്ന ധോണിയും ഫോമിലാണെന്നത് സിഎസ്കെയ്ക്ക് ആശ്വാസമാണ്. ബൗളിംഗിൽ സ്പിൻ നിരയാണ് ചെന്നൈയുടെ കരുത്ത്. ഇമ്രാൻ താഹിറും, ഹർഭജൻ സിങും മികച്ച രീതിയിൽ പന്തെറിയുമ്പോൾ രവീന്ദ്ര ജഡേജ ദീപക് ചാഹറും പിന്തുണ നൽകുന്നു. ബാറ്റിംഗ് നിര ഫോമിലേക്ക് ഉയർന്നാൽ ഇന്നത്തെ മത്സരത്തിൽ ജയിച്ച് ചെന്നൈക്ക് ജയിച്ച് ഫൈനലിൽ എത്താം.