ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു സാംസണെ പ്രശംസിച്ച് ക്രിക്കറ്റ് വിദ്ഗധൻ ഹർഷ ഭോഗ്ലെ. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ സമയം നിശ്ചലമാകുന്നു എന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു ബാറ്റ് ചെയ്യുമ്പോൾ സമയം നിശ്ചലമാകുന്നു : ഹർഷ ഭോഗ്ലെ - ഹർഷ ഭോഗ്ലെ
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ സഞ്ജുവിന്‍റെ സെഞ്ച്വറിയെ പ്രശംസിച്ച് ഹർഷ ഭോഗ്ലെ
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 54 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. സഞ്ജുവിന്‍റെ ബാറ്റിംഗ് മികവില്‍ രാജസ്ഥാൻ 198 റൺസ് നേടിയെങ്കിലും സൺറൈസേഴ്സിനോട് പരാജയപ്പെട്ടു. എന്നാല്‍ സഞ്ജുവിന്‍റെ മികവുറ്റ ബാറ്റിംഗ് പ്രകടനത്തെ ഇതിഹാസ താരങ്ങൾ വരെ പ്രശംസിച്ചു. സഞ്ജുവിന്‍റെ സെഞ്ച്വറിയെക്കുറിച്ച് എത്രവേണമെങ്കിലും എഴുതാനാവുമെന്നാണ് ഹർഷ ഭോഗ്ലെ പറഞ്ഞത്. ട്വന്‍റി-20ല്‍ എല്ലാം അതിവേഗത്തിലാണ് നടക്കുന്നത്. എന്നാല്‍ സഞ്ജു ടി-20ല്‍ ബാറ്റ് ചെയ്യുമ്പോൾ സമയം നിശ്ചലമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു കളിച്ച ഓരോ ഷോട്ടും മികച്ച ദൃശ്യനുഭവമാണ് നല്‍കിയത്. കരുത്തുറ്റ ഒരു ശരീരത്തില്‍ നിന്നും ജനിച്ച ഷോട്ടുകളായിരുന്നില്ല അത്. എന്നാലും അദ്ദേഹത്തിന്‍റെ ബാറ്റിംഗ് കാണാൻ കഴിയുന്നത് സന്തോഷം പകരുന്നുവെന്നും ഹർഷ ഭോഗ്ലെ പറഞ്ഞു.
ഇന്ത്യയുടെ മുൻ താരങ്ങളായ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, സഞ്ജയ് മഞ്ജരേക്കർ തുടങ്ങിയവരും സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.