ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അഞ്ച് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 163 റൺസിന്‍റെ വിജയലക്ഷ്യം രണ്ട് ബോൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. ജയത്തോടെ ഡൽഹിയുടെ പ്ലേഓഫ് സാധ്യതകൾ സജീവമായി. 10 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് തോൽവിയുമായി 12 പോയിന്‍റോടെ ഡൽഹി മൂന്നാം സ്ഥാനത്ത് തുടരും.
ഐപിഎല്ലിൽ പഞ്ചാബിനെ കീഴടക്കി ഡൽഹി - കിങ്സ് ഇലവൻ പഞ്ചാബ്
ശിഖർ ധവാന്‍റെയും നായകൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ഡൽഹിക്ക് വിജയം നേടിക്കൊടുത്തത്. തോൽവിയോടെ പഞ്ചാബിന്‍റെ പ്ലേഓഫ് സാധ്യതകൾക്ക് തിരിച്ചടിയായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ 37 പന്തില്‍ 69 റണ്‍സ് നേടിയ ക്രിസ് ഗെയിലിന്‍റെ ബാറ്റിംഗ് പ്രകടനത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. രണ്ടാം ഓവറില്‍ 12 റൺസെടുത്ത രാഹുലിനെ പുറത്താക്കി ലാമിച്ചാനെ ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ മായങ്ക് അഗര്‍വാളും (2), ഡേവിഡ് മില്ലറും (7) വന്നത് പോലെ മടങ്ങിയതോടെ പഞ്ചാബ് തകർന്നു. എന്നാൽ ഒരറ്റത്ത് പിടിച്ച് നിന്ന ഗെയിൽ പിന്നീട് ക്രീസിലെത്തിയ മന്ദീപ് സിങിനെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്‍ക്കുമ്പോൾ 13-ാം ഓവറിൽ 69 റൺസെടുത്ത് നിന്ന ഗെയിലിനെയും സാം കറനെയും മടക്കി ലാമിച്ചാനെ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. പിന്നീട് അവസാന ഓവറുകളില്‍ ഹര്‍പ്രീത് ബ്രാര്‍ 12 പന്തില്‍ പുറത്താവാതെ നേടിയ 20 റൺസ് പ്രകടനം പഞ്ചാബിന്‍റെ സ്‌കോര്‍ 160 കടത്തുകയായിരുന്നു. ഡൽഹിക്കായി ലാമിച്ചാനെ മൂന്ന് വിക്കറ്റും അക്സര്‍ പട്ടേല്‍, കഗിസോ റബാഡ എന്നിവര്‍ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ശിഖർ ധവാന്‍റെയും (56) നായകൻ ശ്രേയസ് അയ്യരുടെയും (58) ഇന്നിംഗ്സാണ് വിജയം ഒരുക്കിയത്. പൃഥ്വി ഷായെ നാലാം ഓവറിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ധവാനും അയ്യരും 92 റൺസ് കൂട്ടിച്ചേർത്തു. 14-ാം ഓവറിൽ അർധ സെഞ്ച്വറി നേടിയ ധവാനെ പുറത്താക്കി വിൽജോയെൻ പഞ്ചാബിന് പ്രതീക്ഷ നൽകി. പിന്നീടെത്തിയ റിഷഭ് പന്തിനും അധികം പിടിച്ച് നിൽക്കാനായില്ല. സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ പന്തിനെ 16-ാം ഓവറിൽ വിൽജോയെൻ പുറത്താക്കി. പിന്നീടെത്തിയ കോളിൻ ഇൻഗ്രം ഒമ്പത് പന്തിൽ 19 റൺസെടുത്ത് ഡൽഹിയെ വിജയത്തിലേക്ക് അടുപ്പിച്ചു. 19-ാം ഓവറിൽ ഇൻഗ്രവും അക്സർ പട്ടേലും മടങ്ങിയതോടെ ഡൽഹി പ്രതിരോധത്തിലായെങ്കിലും അവസാന ഓവറിൽ നായകൻ ശ്രേയസ് അയ്യർ പതറാതെ ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ചു. പഞ്ചാബിനായി ഹാർഡസ് വിൽജോയെൻ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.