ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൊരുതി ജയിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് ജയിച്ചത്. ഡല്‍ഹി ഉയർത്തിയ 130 റൺസിന്‍റെ വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കെ ഹൈദരാബാദ് മറികടന്നു.
ബൗളർമാർക്ക് അനുകൂലമായ പിച്ചില്‍ ബെയർസ്റ്റോയുടെ തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സിന് വിജയം സമ്മാനിച്ചത്. 28 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും സഹിതം 48 റൺസ് നേടിയാണ് ബെയർസ്റ്റോ പുറത്തായത്. ബെയർസ്റ്റോക്ക് പിന്നാലെ വാർണറിനെയും(10) പുറത്താക്കിഡല്‍ഹി ബൗളർമാർ സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും വിജയലക്ഷ്യം ചെറുതായതിനാല്‍ സൺറൈസേഴ്സ് മറികടക്കുകയായിരുന്നു. മനീഷ് പാണ്ഡെ(10), വിജയ് ശങ്കർ(16), ദീപക് ഹൂഡ(10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഒമ്പത് പന്തില്‍ നിന്ന് 17 റൺസെടുത്ത മുഹമ്മദ് നബിയും ഒമ്പത് റൺസെടുത്ത യൂസഫ് പഠാനും പുറത്താകാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി ലാമിച്ചാനെ, അക്സാർ പട്ടേല്‍, റബാഡ, തിവാത്തിയ, ഇഷാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.