റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് നാല് വിക്കറ്റിന്‍റെ ജയം. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്‍റെ വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഡല്‍ഹി മറികടന്നു.
ഡല്‍ഹിക്ക് വിജയ ശ്രേയസ്; കോലിക്ക് ആറാം തോല്‍വി - ബാംഗ്ലൂർ
ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകർത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ ജയത്തിനായി ബാംഗ്ലൂർ ഇനിയും കാത്തിരിക്കണം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല ബാറ്റ്സ്മാൻമാർ കാഴ്ചവച്ചത്. വിരാട് കോലിയുടെയും മോയിൻ അലിയുടെയും പ്രകടനമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കം തന്നെ പാളി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണർ ശിഖർ ധവാന്‍റെ വിക്കറ്റ് നഷ്ടമായി. പിന്നീട് പൃഥ്വി ഷായ്ക്കൊപ്പം നായകൻ ശ്രേയസ് അയ്യർ കൂടി ചേർന്നതോടെ ഡല്‍ഹിയുടെ സ്കോർ ബോർഡിന്‍റെ വേഗത വർധിച്ചു. 28 റൺസെടുത്ത് പൃഥ്വി ഷാ പുറത്തായതോടെ ശ്രേയസിന് കൂട്ടായി കോളിൻ ഇൻഗ്രാം എത്തി. സ്കോർ 108ല്‍ നില്‍ക്കെ 22 റൺസെടുത്ത ഇൻഗ്രാം പുറത്തായി. പിന്നീട് ശ്രേയസ് അയ്യരും റിഷഭ് പന്തും ചേർന്നാണ് ഡല്‍ഹി വിജയത്തിലേക്ക് നയിച്ചത്. ജയത്തിന് നാല് റൺസകലെ ശ്രേയസിനെയും ക്രിസ് മോറിസിനെയും ഒരോവറില്‍ പുറത്താക്കി നവദീപ് സെയ്നി ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കിയെങ്കിലും ഡല്‍ഹി വിജയിക്കുകയായിരുന്നു. 50 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമടക്കം 67 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരിന്‍റെ പ്രകടനമാണ് ഡല്‍ഹിയുടെ വിജയത്തിന് കരുത്തേകിയത്.
സീസണിലെ ബാംഗ്ലൂരിന്‍റെ ആറാം തോല്‍വിക്കാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജയത്തോടെ ഡല്‍ഹി ആറ് പോയിന്‍റുമായി അഞ്ചാം സ്ഥാനത്തെത്തി. പോയിന്‍റ് ഒന്നുമില്ലാത്ത ബാംഗ്ലൂർ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.