ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഐപിഎല്ലിലെ അരങ്ങേറ്റക്കാരനായ അൽസാരി ജോസഫിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് കീറോണ്‍ പൊള്ളാര്‍ഡിന്റെ 46 റൺസ് ബാറ്റിംഗ് പ്രകടനമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സൺറൈസേഴ്സിന്റെ തകർപ്പൻ ബൗളിംഗ് പ്രകടത്തിൽ 20 ഓവറിൽ 136 റൺസെടുക്കാനെ മുംബൈക്ക് സാധിച്ചുള്ളൂ. പൊള്ളാർഡിനൊഴികെ ആർക്കും 20 റൺസിൽ കൂടുതലെടുക്കാൻ സാധിച്ചില്ല.
രോഹിത് ശര്‍മ്മ (11), ഡി കോക്ക് (19), സൂര്യകുമാര്‍ യാദവ് (7), ഇഷാന് കിഷന് (17), ക്രുനാല്‍ പാണ്ഡ്യ (6), ഹാര്‍ദിക് പാണ്ഡ്യ (14), ദീപക് ചാഹര്‍ (10) എന്നീ ബാറ്റ്സ്മാൻമാരെല്ലാം പരാജയപ്പെടുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, മുഹമ്മദ് നബി, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. താരതമ്യേന ചെറിയ സ്കോറായ വിജയലക്ഷ്യം എളുപ്പം മറികടക്കാമെന്ന പ്രതീക്ഷയിൽ മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന പ്രകടനമാണ് മുംബൈയുടെ അരങ്ങേറ്റക്കാരനായ അൽസാരി ജോസഫ് പുറത്തെടുത്തത്. എന്നത്തെയും പോലെ മികച്ച തുടക്കമാണ് ബെയർസ്റ്റോ-വാർണർ കൂട്ടുകെട്ട് നൽകിയത്. നാലോവറിൽ 33 റൺസ് കടന്നു. എന്നാൽ ബെയർസ്റ്റോയെ മടക്കി രാഹുൽ ചാഹർ മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ വാർണറെ മടക്കി അൽസാരി വിക്കറ്റുവേട്ട തുടങ്ങി. ഡേവിഡ് വാര്‍ണര്‍ (15), വിജയ് ശങ്കര്‍ (5), ദീപക് ഹൂഡ (20), റാഷിദ് ഖാന് (0), ഭുവനേശ്വര്‍ കുമാര്‍ (2), സിദ്ധാര്‍ത്ഥ് കൗള്‍ (0) എന്നിവരെ പുറത്താക്കി 40 റൺസിന്റെ വിജയം വിൻഡീസ് താരം മുബൈക്ക് സമ്മാനിച്ചു. 17.4 ഓവറില്‍ 96 റണ്‍സിന് ഹൈദരാബാദിനെ പുറത്താക്കാൻ രണ്ട് വിക്കറ്റ് നേടി ചാഹറും അൽസാരിക്ക് പിന്തുണ നൽകി.
3.4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അൽസാരി ജോസഫ് ആറ് വിക്കറ്റ് നേടിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് വിൻഡീസ് താരം ഇന്നലെ പുറത്തെടുത്തത്. പാക് താരം സൊഹൈൽ തൻവീർ 2008 സീസണിൽ 14 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.