ന്യുഡൽഹി:ചെറിയഇടവേളക്ക് ശേഷം ഐപിഎൽ വേദികളിലേക്ക് ആരാധകരുടെ മടങ്ങിവരവിന് വഴിയൊരുങ്ങി. സ്റ്റേഡിയങ്ങളിൽ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകർ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചു. ശനിയാഴ്ച (26.03.22) വാങ്കഡെ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്നതോടെ ഈ സീസണിന് തുടക്കമാവും.
കൊവിഡ് പടർന്നു പിടിച്ചതിനെ തുടർന്ന് ചെറിയ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിന്റെ 15-ാം പതിപ്പിൽ ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിനാൽ ഈ മത്സരം അവിസ്മരണീയമായിരിക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 25% കാണികളെ മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കുമെന്നും സംഘാടകർ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.
പത്ത് ടീമുകൾ, പത്തരമാറ്റ് മത്സരങ്ങൾ
പുതുതായി ലഖ്നൗ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസും കൂടിച്ചേർന്നതോടെ ഈ സീസണിൽ ടീമുകളുടെ എണ്ണം പത്തായി. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് നടക്കുക. 20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും, 15 മത്സരങ്ങൾ വീതം ബ്രാബോണിലും പൂനെ എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും നടക്കും.
ഒരു വർഷത്തിന് ശേഷമാണ് ഐപിഎൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 2021-ൽ, ഇന്ത്യയിലെ ഏതാനും അടച്ചിട്ട വേദികളിൽ മത്സരം നടത്തിയെങ്കിലും ബയോ ബബിളിൽ ഒന്നിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് മെയ് പകുതിയോടെ നിർത്തിവച്ചു. ബാക്കിയുള്ള മത്സരങ്ങൾ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി യുഎഇയിലാണ് നടന്നത്. ലീഗിന്റെ 2020 പതിപ്പും യുഎഇയിൽ വെച്ചാണ് നടത്തിയത്.
ALSO READ:സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹറൈനെതിരെ; 7 പേർക്ക് വിസയില്ല, സുഹൈറിന് സാധ്യത