മുംബൈ :ലോക കായിക മാമാങ്കത്തിന് മാറ്റ് കൂട്ടാന്‍ ഇനി ക്രിക്കറ്റും. ഒളിമ്പിക്‌സിലേക്കുള്ള ക്രിക്കറ്റിന്‍റെ മടങ്ങിവരവിന് ഔദ്യോഗിക തീരുമാനമായി. മുംബൈയില്‍ ചേര്‍ന്ന അന്തര്‍ദേശീയ ഒളിമ്പിക് കമ്മിറ്റി (International Olympic Committee) യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത് (IOC Approves T20 Cricket In Olympics 2028).
2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്‌സിലാണ് (Los Angeles Olympics 2028) മത്സര ഇനമായി ക്രിക്കറ്റും ഇടംപിടിച്ചിരിക്കുന്നത്. 128 വര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പുരുഷ-വനിത വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍.
മുംബൈയില്‍ നടന്ന 141-ാമത് ഐഒസി യോഗത്തിനിടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനമുണ്ടായത്. നാല്‍പത് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഒളിമ്പിക് കമ്മിറ്റി യോഗം കൂടിയായിരുന്നു ഇത്. ക്രിക്കറ്റിന് പുറമെ ഫ്ലാഗ് ഫുട്‌ബോള്‍ (Flag Football), സോഫ്റ്റ്ബോള്‍ (Softball), ബേസ് ബോള്‍ (Baseball), ലാക്രോസ് (സിക്സസ്) (Lacrosse - Sixes), സ്ക്വാഷ് (Squash) എന്നീ ഇനങ്ങളെയും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
ഒളിമ്പിക്സിലേക്ക് ക്രിക്കറ്റും എത്തുന്നതോടെ ആഗോള തലത്തില്‍ ക്രിക്കറ്റിനും കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഒളിമ്പിക്സിന്‍റെ ടെലിവിഷന്‍ സംപ്രേഷണത്തിലും കൂടുതല്‍ കാഴ്‌ചക്കാരെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (Commonwealth Games 2022) വനിത ക്രിക്കറ്റ് ഇടം പിടിച്ചിരുന്നു. ഈ മത്സരങ്ങള്‍ക്ക് വളരെ വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ഈ ജനസ്വീകാര്യതയും ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. 1900ല്‍ പാരിസില്‍ നടന്ന ഒളിമ്പിക്സില്‍ മാത്രമായിരുന്നു ക്രിക്കറ്റ് ഇതിന് മുന്‍പ് ഒരു മത്സരവിഭാഗമായി ഉള്‍പ്പെട്ടിരുന്നത്.
അതേസമയം, 2036 ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഒളിമ്പിക്സ് വേദി സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കാലാവധി വേണമെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്. ഐഒസി യോഗം (IOC Session) ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ആയിരുന്നു ഇന്ത്യയ്‌ക്ക് ഒളിമ്പിക്സിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്.