ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടം മാറ്റിവെച്ചു. ജൂണ്‍ 10 മുതല്‍ 15 വരെ നടക്കാനിരുന്ന ഫൈനല്‍ മത്സരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റിവച്ചതെന്ന് ഐസിസി വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം ജൂണ്‍ 18 മുതല്‍ 23 വരെയാണ് പരമ്പര ഫൈനല്‍ മത്സരം നടക്കുക. 23ാം തീയ്യതി റിസര്‍വ് ഡേയായും ഫൈനല്‍ പോരാട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോഡ്‌സിലാണ് ഫൈനല്‍ പോരാട്ടം നടക്കുക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ പോരാട്ടം ജൂണ്‍ 18 മുതല്‍ - ഡബ്യൂടിസി ഫൈനല്‍ വാര്‍ത്ത
ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകളാണ് ലോഡ്‌സില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുക
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിന്‍റെ ഫിക്‌സ്‌ചര്‍ ഇതേവരെ പുറത്തിറക്കിയിട്ടില്ല. ഇന്ത്യ ഫൈനലില്‍ ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയും രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡുമാണ്. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 430 പോയിന്‍റും കിവീസിന് 420 പോയിന്‍റുമാണുള്ളത്.
ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പര കൂടി ഇന്ത്യ കളിക്കും. ഫെബ്രുവരി അഞ്ച് മുതലാണ് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക. ടെസ്റ്റ് ക്രിക്കറ്റിന്‍റെ വികാസം ലക്ഷ്യമിട്ട് ആദ്യമായാണ് ഐസിസി ചാമ്പ്യന്‍ഷിപ്പെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നത്. ആഗോള തലത്തില്‍ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാകുന്നത്.