ദുബായ്: ഐസിസിയുെട ഈ ദശാബ്‌ദത്തിലെ മികച്ച പുരുഷ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സിന്‍റെ പേരിലുള്ള പുരസ്‌കാരമാണ് കോലി സ്വന്തമാക്കിയത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് കോലി പുറത്തെടുത്തതെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു. മൂന്ന് ഫോര്‍മാറ്റിലുമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ 20,396 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഇതില്‍ 66 സെഞ്ച്വറികളും 94 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടും. 2011ല്‍ ലോകകപ്പ് സ്വന്തമാക്കിയ ടീമിലും കോലി അംഗമായിരുന്നു.
ഈ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായും വിരാട് കോലിയെ ഐസിസി തെരഞ്ഞെടുത്തു. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ 10,000ത്തില്‍ അധികം റണ്‍സ് സ്വന്തമാക്കുന്ന ഏക ക്രിക്കറ്റര്‍ കോലിയാണ്. ഏകദിന ക്രിക്കറ്റില്‍ മാത്രം കോലി 39 സെഞ്ച്വറിയും 48 അര്‍ദ്ധസെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. ക്രീസില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും കോലി തിളങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 112 ക്യാച്ചുകളാണ് കോലിയുടെ അക്കൗണ്ടില്‍ വീണത്.
ഈ ദശാബ്‌ദത്തിലെ വനിത ക്രിക്കറ്ററായി ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറിയെ ഐസിസി തെരഞ്ഞെടുത്തു. നാല് തവണ ടി20 ലോകകപ്പും 2013ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമില്‍ എല്ലിസ് പെറി അംഗമായിരുന്നു. 213 വിക്കറ്റുകളും 4,349 റണ്‍സും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പെറി സ്വന്തം പേരില്‍ കുറിച്ചു.
ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്കും ഐസിസിയുടെ പുരസ്‌കാരം ലഭിച്ചു. സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമാണ് ധോണിയെ തേടിയെത്തിയത്. ആരാധകര്‍ ധോണിയെ ഐകകണ്ഠമായി പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഈ ദശാബ്‌ദത്തിലെ പുരുഷ താരമായി സ്‌റ്റീവ് സ്‌മിത്തിനെയും ഐസിസി തെരഞ്ഞെടുത്തു. ഒരു ദശാബ്‌ദത്തിനിടെ 65.79 ശരാശരിയില്‍ 7,040 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം സ്‌മിത്ത് അടിച്ച് കൂട്ടിയത്. 26 സെഞ്ച്വറിയും 28 അര്‍ദ്ധസെഞ്ച്വറിയും സ്‌മിത്തിന്‍റെ പേരിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ മികച്ച ടി20 ക്രിക്കറ്ററായി തെരഞ്ഞെടുത്തത് അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനെയാണ്.