മുംബൈ:സ്ഥിരതയെ കുറിച്ച് ആലോചിച്ച് വേവലാതിപ്പെടാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായന്‍ വിരാട് കോലി. ഈ ദശകത്തിലെ പുരുഷ ക്രിക്കറ്റ് താരമെന്ന ഐസിസി പുരസ്‌കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു കോലി. ബിസിസിഐയുടെ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
സ്ഥിരതയെ കുറിച്ച് വേവലാതിപെടുന്നവര്‍ക്ക് കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോലി പറഞ്ഞു. എന്ത് വിലകൊടുത്തും ടീമിനെ വിജയിപ്പിക്കാനാണ് താന്‍ ശ്രമിക്കാറ്. കളിക്കളത്തില്‍ അതിനാണെന്‍റെ ശ്രമം. ആ മാനസികാവസ്ഥയിൽ പരിമിതികൾക്കും കഴിവുകൾക്കും അപ്പുറമുള്ള പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. എല്ലായ്‌പ്പോഴും ഈ മാനസികാവസ്ഥയിലാണ് കളിക്കളത്തില്‍ തുടരാറുള്ളത്. ടീമിനായി ഹൃദയവും ആത്മാവും മൈതാനത്ത് നൽകും. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ശരിയായ ദിശയിൽ മുന്നേറുന്നുവെന്ന് ഉറപ്പാക്കും. ടീമിന്‍റെ ആവശ്യത്തിനൊപ്പം വ്യക്തിഗത പ്രകടനവും മെച്ചപ്പെടുത്തിയാല്‍ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവരായി മാറുമെന്നും കോലി പറഞ്ഞു.
എല്ലാ ഫോർമാറ്റുകളും കളിക്കാനാണ് ആഗ്രഹം. ഇത് വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ ക്രിക്കറ്റിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്ഥ ഫോര്‍മാറ്റുകളില്‍ നല്ല ക്രിക്കറ്റ് ഷോട്ടുകൾ കളിക്കാൻ സാധിക്കണം. ഈ ആശയം വ്യത്യസ്ഥ ഫോര്‍മാറ്റുകളില്‍ തിളങ്ങാന്‍ സഹായിക്കുന്നു. ഫീല്‍ഡില്‍ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ച് നില്‍ക്കാനല്ലാതെ മറ്റൊന്നിനും ശ്രമിക്കാറില്ലെന്നും വിരാട് കോലി പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുക പ്രയാസമാണ്. എതിരാളികള്‍ ആരായാലും വിലകുറച്ച് കാണാന്‍ സാധിക്കില്ല. എല്ലാ കാലത്തും നിലവാരമുള്ള ബൗളേഴ്‌സിനെ നേരിടേണ്ടിവരും. മുന്നോട്ടുള്ള യാത്രയില്‍ നിരവധി കടമ്പകള്‍ കടക്കണ്ടിവന്നു. എന്നാല്‍ അവിടെയെല്ലാം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും യാത്ര ആസ്വദിക്കാനും സാധിച്ചു. ക്രിക്കറ്റില്‍ മുന്നോട്ട് പോകാനായി ഇപ്പോഴും കഠിനാധ്വാനം നടത്തികൊണ്ടിരിക്കുകയാണ്. എല്ലാ വെല്ലുവിളികളെയും മാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എതിരാളികളെ ബഹുമാനിച്ചാണ് മുന്നോട്ടുള്ള ഒരോ ചുവടും വെക്കുന്നത്. എല്ലാ വെല്ലുവിളികളും ആഹ്‌ളാദം തരുന്നുണ്ടെന്നും വിരാട് കോലി പറഞ്ഞു.