ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് കാല്‍ നൂറ്റാണ്ട്. 25 വര്‍ഷം മുമ്പ് ക്രിക്കറ്റിന്‍റെ മക്കയായ ലോഡ്‌സിലായിരുന്നു ഇരുവരുടെയും ആദ്യ ടെസ്റ്റ്. സതാംപ്‌റ്റണില്‍ ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കുമ്പോഴാണ് ആ ദിവസമെത്തിയതെന്നത് ആകസ്‌മികമാകാം.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി മാറ്റിയെഴുതിയ രണ്ട് താരങ്ങളും 1996 ജൂൺ 20നാണ് ആദ്യ ടെസ്റ്റ് കളിക്കുന്നത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്, അജയ് ജഡേജ എന്നിവർ അടങ്ങിയ ടീമിലേക്കുള്ള ഇരുവരുടെയും കടന്നുവരവ് മോശമായില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍(ഫയല്‍ ചിത്രം) സെഞ്ച്വറിയോടെ 131 റണ്‍സെടുത്ത ഗാംഗുലിക്കും 95 റണ്‍സെടുത്ത ദ്രാവിഡിനും മാത്രമേ അന്ന് ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ. ഇരുവരുടെയും കരുത്തില്‍ ഇന്ത്യ 429 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഒന്നര പതിറ്റാണ്ട് നീണ്ട ടെസ്റ്റ് കരിയറില്‍ ഇന്ത്യയുടെ വന്‍മതിലായി മാറിയ ദ്രാവിഡ് മിസ്റ്റര്‍ കൂള്‍, മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ എന്നീ വിശേഷണങ്ങളും സ്വന്തമാക്കി.
164 ടെസ്റ്റ് കളിച്ച ഗാംഗുലി 13,288 റണ്‍സും 36 സെഞ്ച്വറിയും 63 അര്‍ദ്ധസെഞ്ച്വറിയും അക്കൗണ്ടില്‍ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയ ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ്.
കൂടാതെ നിരവധി നേട്ടങ്ങളും ദ്രാവിഡ് സ്വന്തമാക്കി. അദ്ദേഹത്തെ രാജ്യം 1999ൽ അർജുന പുരസ്കാരവും 2012ൽ പത്മഭൂഷണും നൽകി ആദരിച്ചു. 2000ൽ വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദ് ഇയറും ഐസിസിയുടെ പ്രഥമ സർ ഗാരി സോബേഴ്‌സ് പുരസ്‌കാരവും ദ്രാവിഡിനെ തേടിയെത്തി.
രണ്ട് വ്യാഴവട്ടത്തോളം ടീമിന്‍റെ ഭാഗമായിരുന്ന ഗാംഗുലി ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച 2008ലാണ് പാഡഴിച്ചത്. 113 ടെസ്റ്റുകളില്‍ നിന്നായി 16 സെഞ്ച്വറിയും 35 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 7.212 റണ്‍സാണ് ഗാംഗുലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍മാരുടെ പട്ടികയിലുള്ള ഗാംഗുലി ഇന്നത്തെ ടീമിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും (ഫയല്‍ ചിത്രം) ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ആ കാലയളവില്‍ ടീം ഇന്ത്യ സ്വന്തമാക്കി. കപിലിന് ശേഷം 2003ല്‍ ടീം ഇന്ത്യയെ ആദ്യമായി ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ എത്തിച്ചത് ഗാംഗുലി ആയിരുന്നു. നേട്ടങ്ങള്‍ക്കൊപ്പം 1998ൽ അർജുനയും 2004ൽ പത്മശ്രീയും ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്‍റ ഭാവി നിര്‍ണയിക്കുന്നതില്‍ ഇന്ന് നിര്‍ണായക പങ്ക് വഹിക്കുന്നവരാണ്. ഗാംഗുലി ബിസിസിഐ പ്രസിഡന്‍റും ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ഇരുവരുടെയും കരങ്ങളില്‍ സുരക്ഷിതമാണ്. കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അവിഭാജ്യ ഘടകമാണ്. പുതിയ കാലത്തിന്‍റെ ഇന്ത്യന്‍ ക്രിക്കറ്റിന് ദിശാബോധം നല്‍കുകയാണ് ഇരുവരും.