ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി മുൻ ഇന്ത്യൻ താരം രമേഷ് പൊവാര്‍. സുലക്ഷണ നായക്, മദന്‍ലാല്‍, ആര്‍പി സിങ് എന്നിവര്‍ അടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് രമേഷിനെ പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നിലവിലെ പരിശീലകന്‍ ഡബ്ലിയുവി രാമന്‍ ഉള്‍പ്പെടുന്ന 35 പേരുടെ പട്ടികയില്‍ നിന്നാണ് പൊവാറിനെ തെരഞ്ഞെടുത്തത്. ഇത്തവണ വിജയ് ഹസാരെ ട്രോഫി നേടിയ മുംബൈ ടീമിനെ കളി പഠിപ്പിച്ചതും പൊവാറായിരുന്നു.
നേരത്തെ 2018ല്‍ നായിക മിതാലി രാജുമായുള്ള തര്‍ക്കത്തിനൊടുവിലാണ് പൊവാര്‍ വനിതാ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. വെസ്റ്റിന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. അന്ന് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ച വനിതാ ടീം തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ ജയിച്ച് റെക്കോഡിട്ടു. നേട്ടം കൊയ്‌തെങ്കിലും തര്‍ക്കം കാരണം അഞ്ച് മാസം മാത്രമെ പൊവാറിന് പരിശീലകന്‍റെ കസേരയില്‍ തുടരാനായത്. പകരം ഡബ്ലിയുവി രാമന്‍ ചുമതലയേറ്റു.