വില്ലിങ്ടണ്‍: ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസ് 164 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 318 റണ്‍സെടുത്തു. സെഞ്ച്വറിയോടെ 126 റണ്‍സെടുത്ത ഡിവോണ്‍ കോണ്‍വെയുടെയും സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന ഡാരില്‍ മിച്ചലിന്‍റെയും കരുത്തിലാണ് കിവീസ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്നാണ് കര കയറ്റിയത്. ഇരുവരെയും കൂടാതെ മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ (26), ഹെന്‍ട്രി നിക്കോളാസ്(18), ടോം ലാത്തം(18) എന്നിവര്‍ രണ്ടക്ക സ്‌കോര്‍ കണ്ടെത്തി.
കിവീസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചു. 42.4 ഓവറില്‍ 154 റണ്‍സെടുത്ത് ബംഗ്ലാദേശ് കൂടാരം കയറി. അര്‍ദ്ധസെഞ്ച്വറിയോടെ 76 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദുള്ള മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. മുഹമ്മദുള്ളയെ കൂടാതെ മുഷ്‌ഫിക്കുര്‍ റഹീമും(44 പന്തില്‍ 21), ലിറ്റണ്‍ ദാസ്(21 പന്തില്‍ 21)ഉം മാത്രമാണ് രണ്ടക്കം കടന്നത്.