അബുദാബി:അബുദാബിയിലെ ഷെയ്‌ക്ക് സെയിദ് സ്റ്റേഡിയം ഇന്ന് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സുന്ദര മുഹൂർത്തത്തിന് സാക്ഷിയായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന ചോദ്യത്തിന് ഇനി തലശേരി സ്വദേശി മുഹമ്മദ് റിസ്വാൻ എന്നായിരിക്കും ഉത്തരം. പക്ഷേ മുപ്പത്തിരണ്ടുകാരനായ റിസ്വാന്‍റെ സെഞ്ച്വറി നേട്ടം ഇന്ത്യയ്ക്ക് വേണ്ടിയല്ല, യുഎഇയ്ക്ക് വേണ്ടിയാണ്. കേരളത്തില്‍ കളിച്ച് വളർന്ന റിസ്വാൻ ഇപ്പോൾ യുഎഇ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.
ഇന്ന് അയര്‍ലന്‍ഡിന് എതിരായ അന്താരാഷ്ട്ര ഏകദിന മത്സരത്തിലാണ് ചുണ്ടങ്ങാപ്പൊയില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ യുഎഇ ആറ് വിക്കറ്റിന് ജയിച്ചു. 136 പന്തില്‍ ഒരു സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടെ 109 റണ്‍സാണ് റിസ്വാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 270 റണ്‍സെന്ന വിജയ ലക്ഷ്യം ആറ് പന്ത് ശേഷിക്കെ യുഎഇ മറികടന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തതും ചുണ്ടങ്ങാപൊയില്‍ റിസ്വാനെയാണ്.