ലണ്ടന്‍ :ലോഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയതിന് പിന്നാലെ ആതിഥേയര്‍ക്ക് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റിനെ തുടര്‍ന്ന് മാച്ച് ഫീയുടെ 40 ശതമാനം പിഴയായി നല്‍കണം. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് കുറ്റം സമ്മതിച്ചതിനാല്‍ ഔപചാരിക വിചാരണ നേരിടേണ്ടി വരില്ല. മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് പിഴ വിധിച്ചത്.
ലോഡ്‌സില്‍ ആദ്യ ദിനം 86 ഓവറുകളാണ് ന്യൂസിലന്‍ഡിന് എതിരെ ഇംഗ്ലണ്ടിന് എറിയാന്‍ സാധിച്ചത്. 30 മിനിട്ട് അധിക സമയം അനുവദിച്ചിട്ടും ഇംഗ്ലണ്ടിന് നിശ്ചിത ഓവര്‍ റേറ്റ് കണ്ടെത്താന്‍ സാധിച്ചില്ല. അഞ്ചാം ദിനം 273 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 170 റൺസ് മാത്രമാണ് നേടാനായത്.
ആതിഥേയര്‍ക്ക് മഴ വില്ലനായി
മഴ കാരണം മൂന്നാം ദിവസത്തെ മത്സരം പൂർണമായും നഷ്‌ടമായതിനെ തുടര്‍ന്നാണ് ലോഡ്‌സിലെ പോരാട്ടം സമനിലയില്‍ കലാശിച്ചത്. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡെവോൺ കോൺവെ ന്യൂസിലന്‍ഡിന് മുന്‍കൈ നേടിക്കൊടുത്തത്. കോണ്‍വെയുടെ കരുത്തില്‍ കിവീസ് ഒന്നാം ഇന്നിങ്സില്‍ 378 റണ്‍സെടുത്തു.