ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ പരിശീലകനാകും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ ദ്രാവിഡിന് അണ്ടര്‍ 19 ടീമിനെ ഉള്‍പ്പെടെ പരിശീലിപ്പിച്ച മുന്‍പരിചയമുണ്ട്. തന്‍റെ കീഴിലുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സംഘം ലോകകപ്പ് ഉള്‍പ്പെടെ സ്വന്തമാക്കിയ ശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാഹുല്‍ ഏറ്റെടുക്കുന്നത്. 2014ല്‍ ടീം ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി പ്രവര്‍ത്തിച്ച പരിചയവും വന്‍മതിലെന്ന വിശേഷണമുള്ള ദ്രാവിഡിനുണ്ട്.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് സമാന്തരമായാണ് ഈ പര്യടനം. ജൂലൈ 13ന് ആരംഭിക്കുന്ന ലങ്കന്‍ പര്യടനം 27ന് സമാപിക്കും. മൂന്ന് വീതം ഏകദിനവും ടി20യും സംഘം ശ്രീലങ്കക്കെതിരെ കളിക്കും. നിശ്ചിത ഓവര്‍ പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തെ ഈ മാസം അവസാനത്തോടെ ബിസിസിഐ പ്രഖ്യാപിക്കും.