അനില്‍ കുംബ്ലെയുടെ പെര്‍ഫെക്‌ട് ടെന്നിന് ഇന്നേക്ക് 22 വയസ്. 1999ല്‍ ഫെബ്രുവരി ഏഴിന് ഫിറോഷാ കോട്‌ലയില്‍ നടന്ന മത്സരത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍റെ അപൂര്‍വ നേട്ടം. ഒരിന്നിങ്സില്‍ എല്ലാ ബാറ്റ്‌സ്‌മാന്‍മാരെയും പുറത്താക്കുകയെന്ന അപൂര്‍വനേട്ടത്തിനാണ് പെര്‍ഫെക്‌ട് ടെന്‍ എന്ന് വിളിക്കുന്നത്. 140 വര്‍ഷത്തിലധികം പഴക്കമുള്ള ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ അനില്‍ കുംബ്ലെയടക്കം രണ്ട് ബൗളേഴ്‌സിനെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളു. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 1956ല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു ലേക്കറിന്‍റെ 10 വിക്കറ്റ് നേട്ടം.
43 വര്‍ഷങ്ങള്‍ക്ക് ശേഷം ഫിറോഷ് കോട്‌ല മൈതാനത്ത് നടന്ന മത്സരത്തില്‍ കുംബ്ലെ ഈ നേട്ടം വീണ്ടും ആവര്‍ത്തിച്ചു. ഫെബ്രുവരി ഏഴിന് പാകിസ്ഥാനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലാണ് കുംബ്ലെ ചരിത്രം ആവര്‍ത്തിച്ചത്. ജിം ലേക്കറിന്‍റെ പ്രികടനത്തിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുംബ്ലെ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും സ്വന്തമാക്കി. 420 റണ്‍സെന്ന താരതമ്യേന ഉയര്‍ന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ 207 റണ്‍സെടുത്ത് പുറത്തായി. കുംബ്ലെയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 69 റണ്‍സെടുത്ത സെയ്യിദ് അന്‍വറിനും 41 റണ്‍സെടുത്ത ഷാഹിദ് അഫ്രീദിക്കും മാത്രമെ പിടിച്ച് നല്‍ക്കാന്‍ സാധിച്ചുള്ളൂ.