ചെന്നൈ: ക്രീസിലെത്തുന്നതിന് മുമ്പേ സെഞ്ച്വറി സ്വന്തമാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട്. കരിയറിലെ 100-ാം ടെസ്റ്റാണ് ചെന്നൈയില്‍ ജോ റൂട്ട് കളിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി 100 ടെസ്റ്റ് കളിക്കുന്ന ബാറ്റ്സ്‌മാനെന്ന റെക്കോഡാണ് ജോ റൂട്ട് സ്വന്തം പേരില്‍ കുറിച്ചത്. 2012ല്‍ ഇന്ത്യക്കെതിരെ നാഗ്‌പൂരിലായിരുന്നു റൂട്ടിന്‍റെ അരങ്ങേറ്റം. 30 കാരനായ റൂട്ട് ഇരട്ട സെഞ്ച്വറിയോടെ 254 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് റൂട്ട് മാർച്ച് - ചെന്നൈ ടെസ്റ്റ് വാര്‍ത്ത
100 ടെസ്റ്റ് കളിക്കുന്ന 15-ാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാനാണ് ജോ റൂട്ട്. ചെന്നൈ ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലീഷ് നായകനെ സ്‌പെഷ്യല്‍ ക്യാപ്പ് നല്‍കി സഹതാരങ്ങള്‍ ആദരിച്ചു.
വിദേശമണ്ണില്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച ബാറ്റ്‌സ്‌മാന്‍മാരില്‍ 100 ടെസ്റ്റും അതേ രാജ്യത്ത് കളിക്കാന്‍ സാധിച്ച മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ് ജോ റൂട്ട്. ഇതിന് മുമ്പ് കാള്‍ ഹൂപ്പര്‍, കപില്‍ദേവ് എന്നിവരാണ് സമാന നേട്ടം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കപില്‍ ദേവ് പാകിസ്ഥാനിലും കാള്‍ ഹൂപ്പര്‍ ഇന്ത്യയിലുമാണ് അരങ്ങേറ്റ ടെസ്റ്റും 100-ാം ടെസ്റ്റും കളിച്ചത്.
ചെന്നൈയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ ഡോം സിബ്ലിയും (64), നായകന്‍ ജോ റൂട്ടുമാണ് (70) ക്രീസില്‍. 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സും റണ്ണൊന്നും എടുക്കാതെ ഡാന്‍ ലോറന്‍സും പുറത്തായി. ജസ്‌പ്രീത് ബുമ്രയും, ആര്‍ അശ്വിനുമാണ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്.