ദുബായ് : ഐപിഎൽ പതിനാലാം പതിപ്പിന്‍റെ രണ്ടാം പാദത്തിന് എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തോടെ തുടക്കം. മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈയും, രോഹിത് ശർമ്മയുടെ മുംബൈയും തമ്മിൽ ഇന്ന് മുഖാമുഖം വരുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിൽ കാണികളെ കൂടി പ്രവേശിപ്പിക്കുന്നതോടെ ആവേശം വാനോളമുയരും.
വൈകിട്ട് 7.30 നാണ് മത്സരം. പകുതിയോളം മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്‍റ് ടേബിളിൽ ഏഴ് കളികളിൽ നിന്ന് 5 വിജയമുൾപ്പെടെ 10 പോയിന്‍റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും നാല് വിജയങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി മുംബൈ നാലാം സ്ഥാനത്തുമാണ്.
ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു. അതിനാൽ തന്നെ രണ്ടാം മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാകും ചെന്നൈ കളത്തിലിറങ്ങുക.
ധോണി vs രോഹിത്
നായകൻ എംഎസ് ധോണി തന്നെയാണ് ചെന്നൈ ടീമിന്‍റെ പ്രധാന ആകർഷണം. രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലിൽ മാത്രമാണ് ധോണി കളിക്കുന്നത്. ഒരുപക്ഷേ ഇത് ധോണിയുടെ അവസാന ഐപിഎൽ ആകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതിനാൽ തന്നെ കിരീടം നേടാനുറച്ചാണ് ചെന്നൈ ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളായി ബാറ്റിങിൽ ധോണിയുടെ ഫോമില്ലായ്‌മ ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും ഇത്തവണ പഴയ ധോണി തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
മറു വശത്ത് നായകൻ രോഹിത് ശർമ്മ തന്നെയാണ് മുംബൈയുടെ പ്രധാന കരുത്ത്. ടീം അഞ്ച് കിരീടങ്ങൾ നേടിയതും രോഹിത്തിന്‍റെ കീഴിലാണ്. കൂടാതെ എത് ദുഷ്കരമായ അവസ്ഥയിൽ നിന്നും ടീമിനെ വിജയത്തിലേക്കെത്തിക്കാൻ കഴിവുള്ള ഒരു പിടി താരങ്ങളിലാണ് മുംബൈയുടെ ശക്തി.
കൂടാതെ യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി ചാമ്പ്യൻമാരായ മുംബൈക്ക് അവിടുത്തെ സാഹചര്യങ്ങൾ സുപരിചിതമാണ്. അതിനാൽ തന്നെ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാകും മുംബൈ രണ്ടം പാദ മത്സരങ്ങൾക്ക് കച്ചകെട്ടുന്നത്.
ആദ്യ പാദത്തിൽ കളിച്ച ടീമിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലാതെ ഇറങ്ങുന്ന ടീമുകളാണ് ചെന്നൈയും മുംബൈയും. മറ്റ് ടീമുകളെ അപേക്ഷിച്ച് ഇരുടീമിനും പ്രധാന താരങ്ങളെ നഷ്ടമായിട്ടില്ല. എന്നാൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈയുടെ തുറുപ്പുചീട്ടുകളായ സാം കറനും, ഫഫ് ഡു പ്ലസിസും കളിക്കാൻ സാധ്യതയില്ല.
കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഡുപ്ലെസി പരിശീലനം തുടങ്ങിയെങ്കിലും ടീമിലിടം നേടാൻ സാധ്യതയില്ല. പകരം മോയിൻ അലിയോ, റോബിൻ ഉത്തപ്പയോ ആകും ഗെയ്ക്വാദിനൊപ്പെം ഓപ്പണിങ്ങിനിറങ്ങുക. സാം കറന്‍റെ ക്വാറന്‍റൈൻ കാലാവധി അവസാനിക്കാത്തതാണ് മറ്റൊരു തിരിച്ചടി.
എന്നാൽ മുംബൈ ടീം ആദ്യ പാദമത്സരങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും ഇന്നിറങ്ങുക. പാണ്ഡ്യ സഹോദരൻമാരുടെ ഫോമില്ലായ്‌മ ടീമിന് തലവേദനയാകുന്നുണ്ടെങ്കിലും മറ്റ് താരങ്ങളെല്ലാം മികച്ച ഫോമിലുള്ളത് ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
കണക്കുകൾ പരിശോധിക്കുമ്പോൾ
ഇതുവരെയുള്ള ചെന്നൈ മുംബൈ മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ വിജയങ്ങളുടെ ആധിപത്യം മുംബൈക്കൊപ്പമായിരുന്നു. 31 മത്സരങ്ങൾ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 19 മത്സരത്തിൽ മുംബൈയും 12 മത്സരങ്ങളിൽ ചെന്നൈയും വിജയിച്ചു. ഐപിഎല്ലിൽ അഞ്ച് തവണയാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയിട്ടുള്ള്. ഇതിൽ മൂന്ന് തവണയും ഫൈനലിൽ എതിരാളി ചെന്നൈ ആയിരുന്നു.
ഐപിഎല്ലിലെ ഏറ്റവും വിജയ ശതമാനുമുള്ള ടീം സിഎസ്‌കെയാണ്. 286 മത്സരത്തില്‍ നിന്ന് 111 ജയമാണ് സിഎസ്‌കെ നേടിയത്. 60.27 ആണ് ടീമിന്‍റെ വിജയ ശരാശരി. 220 മത്സരത്തില്‍ നിന്ന് 122 വിജയം നേടിയ ചിരവൈരികളായ മുംബൈയുടെ വിജയ ശരാശരി 59.04 ആണ്.
സാധ്യതാ ഇലവൻ
ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗെയ്ക്ക്വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്‌ഡു, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ശര്‍ദ്ദുല്‍ താക്കൂര്‍, ലുംഗി എന്‍ഗിഡി, ദീപക് ചാഹര്‍.
മുംബൈ ഇന്ത്യന്‍സ്:രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കെറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍നൈല്‍/ ജയന്ത് യാദവ്, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോള്‍ട്ട്.