ചെന്നൈ:ഇന്ത്യന്‍ പര്യടനത്തിനായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ചെന്നൈയില്‍ എത്തി. അടുത്ത മാസം അഞ്ചിന് ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ചെന്നൈയില്‍ എത്തിയ ബെന്‍ സ്റ്റോക്‌സ് ആറ് ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. ചെന്നൈയില്‍ എത്തിയ വിവരം ബെന്‍ സ്റ്റോക്‌സ് സാമൂഹ്യമാധ്യമത്തിലൂടെയാണ് അറിയിച്ചത്. നേരത്തെ ഇന്ത്യയിലേക്ക് തിരിച്ചതായി സ്റ്റോക്‌സ് സമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്.
കൂടുതല്‍ വായനക്ക്: ലങ്കാ ദഹനം കഴിഞ്ഞു; പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്
ഇന്ത്യന്‍ പര്യടനത്തിനുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജോണി ബ്രിസ്റ്റോ, സാം കറന്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
കൂടുതല്‍ വായനക്ക്:മൊട്ടേരയിലെ കുട്ടി ക്രിക്കറ്റ് പോരാട്ടം; ഗാലറി നിറക്കാന്‍ ബിസിസിഐ
അതേസമയം കൊവിഡ് മുക്തനായ മോയിന്‍ അലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും സന്ദര്‍ശകര്‍ കളിക്കും. ടി20 പരമ്പരക്ക് 50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാനാണ് നിലവില്‍ ബിസിസിഐ നീക്കം നടത്തുന്നത്. മൊട്ടേരയില്‍ നടക്കുന്ന ടി20യിലാകും കാണികളെ പ്രവേശിപ്പിക്കുക.