ദുബായ് : ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് പരമ്പര ഏതെന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ പലതാകും. എന്നാല്‍ ഇനി ഒട്ടും മടിക്കേണ്ട 2020-21 വര്‍ഷത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെന്ന് ഉത്തരം പറയാം. ഐസിസി നടത്തിയ തെരഞ്ഞെടുപ്പിലൂടെ ആരാധകരാണ് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്.
70 ലക്ഷത്തോളം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. തെരഞ്ഞെടുത്ത 16 ടെസ്റ്റ് പരമ്പരകളില്‍ നിന്നാണ് ഗാബയിലെ ഇന്ത്യയുടെ നാടകീയ ജയത്തെ തെരഞ്ഞെടുത്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ഐസിസിയുടെ തെരഞ്ഞെടുപ്പ് നടന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഓസിസ് മണ്ണിലെത്തിയ ടീം ഇന്ത്യക്ക് തുടക്കം മികച്ചതായിരുന്നില്ല. അഡ്‌ലെയ്‌ഡിലെ ഓവലില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ പരാജയം വഴങ്ങി.
പിന്നാലെ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതോടെ അമരത്ത് ആളില്ലാത്ത അവസ്ഥയായി. എട്ട് നിലയില്‍ പൊട്ടുമെന്ന തോന്നിച്ച പരമ്പര സമ്മര്‍ദങ്ങളെ അതിജീവിച്ച് ഇന്ത്യ സ്വന്തമാക്കുന്നതാണ് പിന്നീട് കണ്ടത്.
രണ്ടും നാലും ടെസ്റ്റുകള്‍ അജിങ്ക്യ രഹാനെയും കൂട്ടരും ജയിച്ചപ്പോള്‍ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. സന്ദര്‍ശക ടീമുകള്‍ക്ക് ഒരുകാലത്തും ആധിപത്യം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഗാബയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര പിടിച്ചത്.