ദുബായ്: ഐസിസി പതിറ്റാണ്ടിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്ലാസ് പ്ലെയറെന്ന അംഗീകാരമാണ് വിരാട് കോലിയെ തേടിയെത്തിയത്. ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഇടം ലഭിച്ചത് കോലിക്ക് മാത്രമാണ്. കൂടാതെ ടെസ്റ്റ് ടീമിന്‍റെ നായകനായും തെരഞ്ഞെടുത്തു.
വിരാട് കോലി(ഫയല്‍ ചിത്രം). ക്രീസിനകത്തും പുറത്തും അഗ്രസീവായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനാകുന്ന കോലിക്ക് ലഭിച്ച ക്രിസ്‌മസ് സമ്മാനം കൂടിയാകുമിത്. ഓരോ മത്സരങ്ങളിലും പുതിയ റെക്കോഡുകള്‍ സ്വന്തമാക്കുക കോലിയെ സംബന്ധിച്ചെടുത്തോളം ശീലമായി മാറിയിരിക്കുകയാണ്. ഏകദിന ക്രക്കറ്റില്‍ വേഗത്തില്‍ 12,000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോഡ് അടുത്തിടെയാണ് സ്വന്തമാക്കിയത്. സച്ചിന്‍റെ റെക്കോഡാണ് കോലി മറകടന്നത്. തന്‍റെ 251ാം ഏകദിനത്തിലാണ് കോലി 12,000 കടന്നതെങ്കില്‍ സച്ചിന് 309 ഇന്നിങ്സുകള്‍ വേണ്ടിവന്നു.
വിരാട് കോലി(ഫയല്‍ ചിത്രം). കോലി, അനുഷ്‌കാ ദമ്പതികള്‍ക്ക് കുഞ്ഞുപിറക്കാനിരിക്കെ താരം നാട്ടിലേക്ക് മടങ്ങിയില്ലായിരുന്നെങ്കില്‍ കങ്കാരുക്കളുടെ നാട്ടില്‍ നിന്നും കുറെക്കൂടി നേട്ടങ്ങള്‍ കോലി കൊയ്‌തെടുത്തേനെ. കരിയറിലെ ഏറ്റുവും മികച്ച സമയത്തിലൂടെ കടന്നുപോകുന്ന കോലിയെ സംബന്ധിച്ചിടത്തോളം ശേഷിക്കുന്ന ഓരോ മത്സരവും നിര്‍ണായകമാകും.
കോലിയെ കൂടാതെ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇന്ത്യയില്‍ നിന്നും ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. ടെസ്റ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ഇംഗ്ലണ്ടില്‍ നിന്നാണ്. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരും വിരമിച്ച ഓപ്പണര്‍ അലസ്റ്റിയര്‍ കുക്കും ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയയില്‍ നിന്നും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഇടം നേടിയപ്പോള്‍ ന്യൂസിലന്‍ഡില്‍ നിന്നും കെയിന്‍ വില്യംസണും ശ്രീലങ്കയില്‍ നിന്നും വിരമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കുമാര്‍ സംഗക്കാരയും ദക്ഷിണാഫ്രിക്കയില്‍ പേസര്‍ ഡെയില്‍ സ്റ്റെയിനും ടീമില്‍ ഇടംപിടിച്ചു.