ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയം നേടിയ ടീം ഇന്ത്യ നാളെ ചെന്നൈയില്‍ ഇംഗ്ലണ്ടിനെ നേരിടും. ജോ റൂട്ടിനും കൂട്ടര്‍ക്കും എതിരെ പരമ്പര സ്വന്തമാക്കി ഐസിസി ടെസ്റ്റ് ചമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇടം നേടാനാണ് വിരാട് കോലിയും സംഘവും ലക്ഷ്യമിടുന്നത്. വിരാട് കോലി, ജസ്‌പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ക്യാമ്പില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്.
ബാറ്റിങ്ങില്‍ വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് തുടങ്ങിയവര്‍ ടീം ഇന്ത്യക്ക് കരുത്താകും. ബൗളിങ്ങില്‍ ജസ്‌പ്രീത് ബുമ്രയും ഇശാന്ത് ശര്‍മയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുമ്പോള്‍ സ്‌പിന്‍ തന്ത്രങ്ങള്‍ ആര്‍ അശ്വിനും നടപ്പാക്കും. അശ്വിനെ കൂടാതെ ഇടങ്കയ്യന്‍ സ്‌പിന്നറെന്ന നിലയില്‍ കുല്‍ദീപ് യാദവും ഇംഗ്ലീഷ് നിരക്ക് ഭീഷണിയാകും. അശ്വിന്‍ നയിക്കുന്ന സ്‌പിന്‍ ബൗളിങ്ങാകും പരമ്പരയുടെ വിധി നിര്‍ണയിക്കുക.
ഇതിനകം സ്വന്തം മണ്ണില്‍ എട്ട് തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയ ടീം ഇന്ത്യ കരുത്തരാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ വമ്പന്‍ പ്രകടനം കാഴ്‌ചവെക്കുന്ന സാഹചര്യത്തില്‍ പരമ്പര 2-0ത്തിനെങ്കിലും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാകും ടീം ഇന്ത്യയുടെ നീക്കം.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്‌മാന്‍മാര്‍ നേര്‍ക്കുനേര്‍ വരുമെന്ന പ്രത്യേകതയും പരമ്പരക്കുണ്ട്. ജോ റൂട്ടും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്ന പരമ്പരയില്‍ ആര്‍ക്കാകും മുന്‍കയ്യെന്നാണ് ഇനി അറിയാനുള്ളത്. ജോ റൂട്ടിന്‍റെ നൂറാം ടെസ്റ്റ് കൂടിയാണ് ചെന്നൈയില്‍ അരങ്ങേറുക. മറുഭാഗത്ത് സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളെന്ന റെക്കോഡ് ലക്ഷ്യമിട്ടാണ് വിരാട് കോലി ഇറങ്ങുന്നത്. ധോണിയുടെ ഇന്ത്യന്‍ മണ്ണിലെ 21 ടെസ്റ്റ് വിജയങ്ങളെന്ന റെക്കോഡ് മറികടക്കാന്‍ കോലിക്ക് രണ്ട് വിജയങ്ങള്‍ മാത്രം മതി. അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയ സാഹചര്യത്തില്‍ കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കില്ല.
ബെന്‍ സ്റ്റോക്‌സും, ജോഫ്രാ ആര്‍ച്ചറും ജോണി ബെയര്‍സ്റ്റോയും തിരിച്ചെത്തുന്നതോടെ ഇംഗ്ലീഷ് ടീമും ആത്മവിശ്വാസത്തിലാണ്. ശ്രീലങ്കക്കെതിരായ പരമ്പര 2-0ത്തിന് തൂത്തുവാരിയാണ് ഇംഗ്ലീഷ് സംഘം ഇന്ത്യയിലേക്കെത്തുന്നത്. പരമ്പരയിലെ ടോപ്പ് സ്‌കോററായ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സ്വന്തം നിലക്ക് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ പ്രാപ്‌തരാണ്. സാക് ക്രവാലി പരിക്കേറ്റ് പുറത്ത് പോയതാണ് ഇംഗ്ലണ്ടിനേറ്റ തിരിച്ചടി. ശ്രീലങ്കക്കെതിരായ രണ്ട് മത്സരത്തിലും ക്രവാലിയായിരുന്നു ഓപ്പണറായത്.
ഇന്ത്യന്‍ മണ്ണില്‍ പന്തെറിഞ്ഞ് ശീലിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് സ്‌പിന്നര്‍മാര്‍ക്ക് പരമ്പര വെല്ലുവിളിയാകും. സ്‌പിന്‍ ആക്രമണത്തിലെ പോരായ്‌മകള്‍ പേസ് ആക്രമണത്തിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ടീം. ജിമ്മി ആന്‍ഡേഴ്‌സണും ആര്‍ച്ചറും സ്റ്റുവര്‍ട്ട് ബ്രോഡും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ പേസ് ആക്രമണം.
ചെന്നൈയിലെ പിച്ചില്‍ ആദ്യ ദിനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പ്രയാസമുണ്ടാകാത്ത സാഹചര്യത്തില്‍ ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. അവസാന രണ്ട് ദിവസം സ്‌പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് ചെന്നൈയിലേത്. അതിനാല്‍ തന്നെ രണ്ട് സ്‌പിന്നര്‍മാരുമായാകും ഇരു ടീമുകളും ചെന്നൈയില്‍ ഇറങ്ങുക.