ചെന്നൈ: മൂന്ന് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജസ്‌പ്രീത് ബുമ്രക്ക് സ്വന്തം മണ്ണില്‍ ടെസ്റ്റ് മത്സരം കളിക്കന്‍ അവസരമൊരുങ്ങുന്നു. ബുമ്രയെ കൂടാതെ ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയയില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ച മുഹമ്മദ് സിറാജിനും അക്‌സര്‍ പട്ടേലിനും ഹോം ഗ്രൗണ്ടില്‍ ആദ്യ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിദേശ മണ്ണില്‍ കളിച്ച ഇന്ത്യയുടെ പരിചയ സമ്പന്നനായ പേസര്‍ ബുമ്രയും സിറാജും ഉള്‍പ്പെടുന്ന സംഘം ജോ റൂട്ടിനെയും കൂട്ടരെയും ചെന്നൈയില്‍ എറിഞ്ഞിടാന്‍ പ്രാപ്‌തരാണ്.
ബുമ്ര കരുത്താകും
ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഇംഗ്ലണ്ടില്‍ ഉള്‍പ്പെടെ അഞ്ച് വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് വേണ്ടി പേസ് ആക്രമണം നടത്തിയ ബുമ്ര 17 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഹാട്രിക്ക് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ബുമ്ര ഇംഗ്ലണ്ടിനെതിരായ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ ആറാമത്തെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടില്ല.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുമായി ജസ്‌പ്രീത് ബുമ്ര. ഇതിനകം ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമായി മൂന്ന് വീതവും ഓസ്‌ട്രേലിയയില്‍ ഏഴും ന്യൂസിലന്‍ഡിലും വെസ്റ്റ് ഇന്‍ഡീസിലുമായി രണ്ട് വീതവും ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബുമ്ര ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയുടെ പേസ് ആക്രമണത്തിന്‍റെ കുന്തമുനയായി മാറും. ഇതിനകം ഏകദിന, ടി20 മത്സരങ്ങളില്‍ സ്വന്തം മണ്ണില്‍ പന്തെറിഞ്ഞ അനുഭവ പരിചയം ബുമ്രക്ക് മുതല്‍കൂട്ടാകും. അതേസമയം ബുമ്രയുടെ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി സിഡ്‌നിയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ടെസ്റ്റിലാണ് ബുമ്രക്ക് പരിക്കേറ്റത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം അനുവദിച്ചിരുന്നു.
മുഹമ്മദ് സിറാജും, റിഷഭ് പന്തും ഗാബ ജയത്തിന് ശേഷം. പേസ് ആക്രമണം തുടരാന്‍ സിറാജ്
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യന്‍ ടീമില്‍ സാന്നിധ്യം ഉറപ്പിച്ച പേസര്‍ മുഹമ്മദ് സിറാജിനും സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കങ്കാരുക്കളുടെ നാട്ടിലെ സ്വപ്‌നതുല്യമായ തുടക്കത്തിന് ശേഷം സ്വന്തം നാട്ടിലേക്കെത്തുമ്പോള്‍ സിറാജിന്‍റെ പേസ് ആക്രമണത്തിന്‍റെ മൂര്‍ച്ച നിലനില്‍ക്കുമോ എന്നാണ് ഇനി അറിയനുള്ളത്. ഇതിനകം ഓസ്‌ട്രേലിയന്‍ മണ്ണിലെ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി ഒരു അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 13 വിക്കറ്റുകളാണ് സിറാജ് സ്വന്തം പേരില്‍ കുറിച്ചത്. മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നടക്കുന്ന രണ്ട് ടെസ്റ്റിലും സിറാജ് ബുമ്രക്ക് ശക്തമായ പിന്തുണയാകും.
അക്‌സറിന് അരങ്ങേറ്റം
ഗുജറാത്തില്‍ നിന്നുള്ള അക്‌സര്‍ പട്ടേലിന് അരങ്ങേറ്റ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഏകദിന, ടി20 മത്സരങ്ങളില്‍ അക്‌സര്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 54 വിക്കറ്റുകളാണ് അക്‌സറിന്‍റെ പേരിലുള്ളത്. ബംഗ്ലാദേശിനെതിരെ 2014ല്‍ ധാക്കയില്‍ നടന്ന നടന്ന ഏകദിനത്തിലൂടെയായിരുന്നു ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് ബൗളറായ അക്‌സറിന്‍റെ അന്താരാഷ്‌ട്ര അരങ്ങേറ്റം. അക്‌സര്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയ മത്സരത്തില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.
മൂന്ന് പേരെയും കൂടാതെ പേസര്‍ ഇശാന്ത് ശര്‍മയും സ്‌പിന്നര്‍ ആര്‍ അശ്വിനും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ്. മൂന്ന് ടെസ്റ്റുകള്‍ കൂടി കളിച്ചാല്‍ ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റ് കളിക്കുന്ന 11ാമത്തെ ബൗളറെന്ന നേട്ടമാണ് ഇശാന്തിനെ കാത്തിരിക്കുന്നത്. സ്‌പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റിന് കരുത്താകും.