കൊളംബോ: ഒരോവറിലെ എല്ലാ പന്തിലും സിക്‌സെന്ന വിരുന്ന് ടി20 ക്രിക്കറ്റില്‍ വീണ്ടും. ഇത്തവ ലങ്കന്‍ പര്യടനത്തിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ആറ് സിക്‌സുകളുമായി തിളങ്ങിയത്. ലങ്കന്‍ സ്‌പിന്നര്‍ അഖില ധനഞ്ജയ എറിഞ്ഞ ആറാം ഓവറിലാണ് വിന്‍ഡീസ് നായകന്‍ സിക്‌സുകളുമായി കളം നിറഞ്ഞത്. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 41 പന്ത് ശേഷിക്കെ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.
ഇതിന് മുമ്പ് ഇന്ത്യയുടെ യുവരാജ് സിങ്ങും പോര്‍ട്ടീസിന്‍റെ ഹെര്‍ഷല്‍ ഗിബ്‌സുമാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു ഓവറിലെ എല്ലാ പന്തിലും സിക്‌സടിച്ചത്. ഓള്‍ റൗണ്ടര്‍മാരായ ഇരുവരും 2007 ലോകകപ്പിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരെ ഗിബ്‌സും ഇംഗ്ലണ്ടിനെതിരെ യുവരാജും ഓരോവറിലെ എല്ലാ പന്തിലും സിക്‌സ് പറത്തി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ശ്രീലങ്ക ഉയര്‍ത്തിയത്. 39 റണ്‍സെടുത്ത നിഷാങ്കയാണ് ലങ്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ 13.1 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ സിമ്മണ്‍സും(26)ഉം എവിന്‍ ലെവിസും(28)ഉം വിന്‍ഡീസിന്‍റെ തുടക്കം മികച്ചതാക്കി.മധ്യനിരയില്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും(38) പുറത്താകാതെ 29 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡീസിന്‍റെ ജയം ഉറപ്പാക്കി.
ഹോള്‍ഡര്‍ സിക്‌സടിച്ചാണ് കരീബിയന്‍സിനെ വിജയ തീരത്ത് എത്തിച്ചത്. അഖില ധനഞ്ജയ, ഡിസില്‍വ എന്നിവര്‍ ലങ്കക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. കീറോണ്‍ പൊള്ളാര്‍ഡിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടി20യും ഏകദിനും രണ്ട് ടെസ്റ്റ് മത്സരവുമാണ് വെസ്റ്റ് ഇന്‍ഡീസ് ടീം കളിക്കുക. പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെ ടി20 മത്സരം ഈ മാസം ആറിന് ആരംഭിക്കും.