റാവല്‍പിണ്ടി: ഹസന്‍ അലിയുടെ ബൗളിങ് കരുത്തില്‍ റാവല്‍പിണ്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 95 റണ്‍സിന്‍റെ ജയം സ്വന്തമാക്കി പാകിസ്ഥാന്‍. ജയത്തോടെ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 2-0ത്തിന് തൂത്തുവാരി. ദക്ഷിണാഫ്രിക്കെതിരെ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹസന്‍ അലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 370 റണ്‍സെന്ന രണ്ടാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ട് മറുപടി ബാറ്റ്ങ് ആരംഭിച്ച പോര്‍ട്ടീസ് 274 റണ്‍സിന് ഓൾഔട്ടായി. ഓപ്പണറായി ഇറങ്ങിയ എയ്‌ഡന്‍ മക്രം പോര്‍ട്ടീസിനായി 108 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും ഹസന്‍ അലിയുടെ പേസ് ആക്രമണത്തിന് മുന്നില്‍ സന്ദര്‍ശകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന പോര്‍ട്ടീസിന് വാന്‍ഡേഴ്‌സണിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഡീന്‍ എല്‍ഗര്‍ (17), റയീസ് വാന്‍ഡേഴ്‌സണ്‍ (48), തെംബ ബാവുമ(61), വിയാന്‍ മുള്‍ഡര്‍(20) എന്നിവര്‍ രണ്ടക്കം കടന്നു.