മുംബൈ : പരിക്കേറ്റ് പുറത്തായ ഓസീസ് സൂപ്പർ താരം ബെത്ത് മൂണിക്ക് പകരം ഇന്ത്യൻ ഓൾറൗണ്ടർ സ്‌നേഹ് റാണയെ ക്യാപ്‌റ്റനായി നിയമിച്ച് വനിത പ്രീമിയർ ലീഗിലെ കരുത്തരായ ഗുജറാത്ത് ജയന്‍റ്സ്. മാർച്ച് 4 ന് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിനിടെയാണ് ബെത്ത് മൂണിക്ക് കാലിന് പരിക്കേറ്റത്. പരിക്കിൽ നിന്ന് മുക്തയാകാൻ കൂടുതൽ സമയമെടുക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താരത്തെ ടീമിൽ നിന്ന് ഗുജറാത്ത് പിൻവലിക്കുകയായിരുന്നു.
പരിക്കേറ്റതിനെത്തുടർന്ന് താരം മുംബൈക്കെതിരായ മത്സരത്തിൽ നിന്ന് പിൻവാങ്ങിയെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പരിശീലനം പുനരാരംഭിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്കിൽ നിന്ന് പൂർണമായും മുക്‌തയായി ഫിറ്റ്‌നസ് വീണ്ടെടുക്കാൻ 4 മുതൽ 6 ആഴ്‌ചവരെ സമയം വേണ്ടിവരുമെന്ന് ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു.
'ഗുജറാത്ത് ജയന്‍റ്‌സിനൊപ്പമുള്ള കന്നി വനിത പ്രീമിയർ ലീഗ് സീസണിനായി ഞാൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ പരിക്കുകൾ സ്‌പോർട്‌സിന്‍റെ ഭാഗമായിപ്പോയി. സീസണിൽ ശേഷിക്കുന്ന മത്സരം നഷ്‌ടമായതിൽ എനിക്ക് അതിയായ വിഷമമുണ്ട്. എന്നിരുന്നാലും ഞാൻ ടീമിന്‍റെ പ്രകടനത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്യും.
സീസൺ മുഴുവൻ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും, കൂടുതൽ ശക്തമായി ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചുവരാൻ ഞാൻ കാത്തിരിക്കുകയാണ്. അടുത്ത സീസണിൽ വനിത പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ ഞാൻ കാത്തിരിക്കുകയാണ്. ഇപ്പോൾ ഡബ്യുപിഎല്ലിലെ പ്രഥമ സീസണിൽ ഗുജറാത്ത് ജയന്‍റ്‌സ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു'- ബെത്ത് മൂണി പറഞ്ഞു.
മൂണിക്ക് പകരം ലോറ : ബെത്ത് മൂണി പുറത്തായതോടെ താരത്തിന് പകരക്കാരിയായി ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം ലോറ വോൾവാർഡിലിനെ ഗുജറാത്ത് ജയന്‍റ്സ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വനിത ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ടീമിന്‍റെ ഓപ്പണർ കൂടിയായ വോൾവാർഡിൽ ആയിരുന്നു.
ടൂർണമെന്‍റിൽ ആറ് മത്സരങ്ങളിൽ നിന്ന് 3 അർധസെഞ്ച്വറികൾ നേടിയ വോൾവാർഡിൽ ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ ടോപ് സ്‌കോറുമായിരുന്നു. 'ഗുജറാത്ത് ജയന്‍റ്‌സിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതൊരു അവിശ്വസനീയമായ അവസരമാണ്. വനിത പ്രീമിയർ ലീഗ് കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവളായിരിക്കും. ടീമുമായി കൂടിച്ചേരാനുള്ള കാത്തിരിപ്പിലാണ് ഞാൻ' - വോൾവാർഡിൽ പറഞ്ഞു.
അതേസമയം ബെത്ത് മൂണിയുടെ അസാന്നിധ്യം ടീമിനെ വലിയ രീതിയിൽ ബാധിക്കുമെന്ന് ഗുജറാത്ത് ജയന്‍റ്‌സിന്‍റെ ഹെഡ് കോച്ച് റേച്ചൽ ഹെയ്‌ൻസ് പറഞ്ഞു. 'മൂണി തീർച്ചയായും ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു, അവളെ വല്ലാതെ മിസ് ചെയ്യും. അവൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണിൽ അവൾ ശക്‌തിയായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ലോറയെ ഞങ്ങൾ ടീമിലേക്ക് സ്വാഗതം ചെയ്യുന്നു' - ഹെയ്‌ൻസ് പറഞ്ഞു.
ബെത്ത് മൂണി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഇന്ത്യൻ ഇതിഹാസവും ഗുജറാത്ത് ജയന്‍റ്‌സിന്‍റെ ഉപദേശകയുമായ മിതാലി രാജും പറഞ്ഞു. 'ക്യാപ്റ്റൻ ബെത്ത് മൂണി വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളാണ് അവൾ. ക്യാമ്പിൽ അവളുടെ ഊർജം ടീമിന് നഷ്‌ടമാകും. എന്നാൽ പകരമെത്തിയ ലോറ വോൾവാർഡിൽ ബെത്ത് മൂണിയുടെ കുറവ് പരിഹരിക്കാൻ കെൽപ്പുള്ള താരമാണ്.
സ്ഫോടനാത്മകമായ ദക്ഷിണാഫ്രിക്കൻ ബാറ്റർ ലോറ വോൾവാർഡിന് ഊഷ്‌മളമായ സ്വാഗതം നൽകാൻ ഗുജറാത്ത് ജയന്‍റ്‌സ് ആഗ്രഹിക്കുന്നു. സീസണിൽ അവശേഷിക്കുന്ന വനിത പ്രീമിയർ ലീഗിലെ മത്സരങ്ങളിൽ അവളുടെ ബാറ്റിൽ നിന്ന് നിരവധി ബൗണ്ടറികൾക്കും സിക്‌സറുകൾക്കും സാക്ഷ്യം വഹിക്കാൻ കഴിയട്ടെയെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു' - മിതാലി രാജ് കൂട്ടിച്ചേർത്തു.